പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ല. നിലപാട് ആവർത്തിച്ചു മാണി സി കാപ്പൻ


പാലാ: എൻ സി പി എൽ ഡി എഫിലെ ഘടകകക്ഷി തന്നെയാണെന്നതിൽ ആർക്കും തർക്കം വേണ്ടെന്നു മാണി സി കാപ്പൻ എം എൽ എ. പാലായിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി മാറ്റത്തെകുറിച്ച് ആലോചിച്ചിട്ടില്ല. അത്തരം വാർത്തകൾ ഭാവനാസൃഷ്ടി മാത്രമാണ്. വാർത്തകൾ ചമയ്ക്കുന്നതിനു പിന്നിൽ തൽപരകക്ഷികളുടെ പങ്കുണ്ടാവാമെന്നും എം എൽ എ പറഞ്ഞു. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് മാണി സി കാപ്പൻ ആവർത്തിച്ചു. എൻ സി പി ഒറ്റക്കെട്ടായി നിൽക്കും.

ചുരുങ്ങിയ കാലംകൊണ്ട് പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. തോട്ടം- പുരയിടം പ്രശ്ന പരിഹാരം, കന്യാസ്ത്രീകൾക്കു ചരിത്രത്തിലാദ്യമായി റേഷൻകിറ്റ് തുടങ്ങിയവ നടപ്പാക്കി. റബ്ബറിന് 200 രൂപയും ചിരട്ടപ്പാലിനും ഒട്ടുപാലിനും 150 രൂപ വീതവും താങ്ങുവില ബജറ്റിൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകി കഴിഞ്ഞു. പാലായുടെ ആവശ്യങ്ങൾക്കായി നിരന്തരം ഓടി നടക്കുകയാണ്. 

യുഡിഎഫിന് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു ഒരു ചോദ്യത്തിന് ഉത്തരമായി കാപ്പൻ പറഞ്ഞു. ആ അവകാശം നിഷേധിക്കാനാകില്ലന്നും അദ്ദേഹം വ്യക്തമാക്കി.

വഴിയേ പോകുന്നവർക്ക് പാലാ സീറ്റ് ചോദിക്കാൻ എന്തവകാശമെന്ന് മാണി സി കാപ്പൻ ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു നിൽക്കുന്ന ജോസ് കെ മാണിക്ക് പാലാ ചോദിക്കാൻ അവകാശമില്ല. വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നു മന്ത്രി എ കെ.ശശീന്ദ്രൻ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോൾ പല തവണ മത്സരിച്ച സ്വന്തം സീറ്റ് വിട്ടുകൊടുക്കുന്നതല്ലേ ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റ് സംബന്ധിച്ചു ചർച്ചകളൊന്നും മുന്നണിയൽ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ സീറ്റു സംബന്ധിച്ചു വാർത്തകൾക്കു പ്രസക്തി ഇല്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻ സി പി ക്കു അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നതായും കാപ്പൻ വ്യക്തമാക്കി.