പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍ റോഡില്‍ യാത്രാദുരിതം


പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍ റോഡ് തകര്‍ന്ന് യാത്ര ദുരിതപൂര്‍ണമായി. പൂഞ്ഞാറില്‍ നിന്നും മുണ്ടക്കയത്തേയ്ക്കുള്ള ദൈര്‍ഘ്യംകുറഞ്ഞ പാതയായ ഇതുവഴി നിരവധി വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. നിലവാരം കുറഞ്ഞ ടാറിംഗാണ് റോഡ് തകരുന്നതിന് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. 

പത്ത് കിലോമീറ്ററോളം ദൂരക്കുറവുള്ള ഈ റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ടാറിംഗ് നടത്തിയത്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നുതുടങ്ങി. കൊടുംവളവുകളും കയറ്റവും നിറഞ്ഞ കളത്വ പ്രദേശത്ത് റോഡില്‍ വലിയ കുഴിയാണ് രൂപപ്പെട്ടത്. കയറ്റംകയറിവരുന്ന വാഹനങ്ങള്‍ കുഴിയില്‍പെട്ട് വലയുന്നതും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.മുണ്ടക്കയത്ത് നിന്നും പൂഞ്ഞാറു നിന്നും ദൂരക്കുറവുള്ള ബോര്‍ഡ് ശ്രദ്ധിച്ച് ഇതുവഴി വരുന്നവരാണ് ചതിയില്‍പെടുന്നത്. യാത്ര പൂര്‍ത്തിയാകുന്നതോടെ വാഹനത്തിനും തകരാറുകള്‍ പതിവാണ്. ഏന്തയാര്‍ മേഖലയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് റോഡ് തകര്‍ന്നതോടെ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്തു. 

പൂഞ്ഞാര്‍ ഏന്തയാര്‍ റോഡില്‍ പൂഞ്ഞാര്‍ മുതല്‍ റോഡ് തകര്‍ന്ന സ്ഥിതിയിലാണ്. റോഡ് ടാറിംഗിന് പണം അനുവദിച്ച് ഒരുവർഷം കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. കരാറുകാര്‍ ടെന്‍ഡര്‍ എടുക്കാന്‍ തയാറാകാത്തതാണ് പ്രതിസന്ധിയാകുന്നത്. 

റോഡ് നിര്‍മാണത്തിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ വ്യക്തമാക്കി. ഈ മാസം തന്നെ പണികള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഈ തുക മതിയാകില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.