തണല്‍ പദ്ധതി കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജിൽ

കേരള സാങ്കേതിക സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌ക്കീം പ്രകൃതി വിഭവ സംരക്ഷണസേന നടപ്പിലാക്കുന്ന തണല്‍ പദ്ധതിയുടെ കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ പ്രവര്‍ത്ത ഉദ്ഘാടനം കടുത്തുരുത്തി എം.എല്‍എ അഡ്വ.മോന്‍സ് ജോസഫ് നിര്‍വഹിച്ചു.  
നാളേയ്ക്കായി തണലേകാം എന്ന ആശയത്തെ മുന്‍നിര്‍ത്തി കോളേജ് ക്യാമ്പയിലും പരിസരപ്രദേശങ്ങളിലും, ഹരിതകേരളം മിഷന്‍ ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെ വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും, അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും ജന്മദിനങ്ങളില്‍ നട്ടുവളര്‍ത്താനുള്ള ബൃഹത്തായ പദ്ധതിയാണ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. 

കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജി. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പുതുമന, ഗ്രാമപഞ്ചായത്ത് അംഗം . തോമസ് മാളിയേക്കല്‍, ഹരിതകേരളം ജില്ലാ റിസോഴ്‌സ് പേഴ്‌സന്‍ ഇ പി സോമന്‍ എന്നിവര്‍ ആശംസകളറിയിച്ചു. എന്‍. എസ്. എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ആദില്‍ നാസര്‍ ചടങ്ങിന് കൃതഞ്ജത ആശംസിച്ചു. ഉദ്ഘാടനയോഗത്തിനു ശേഷം എം എല്‍ എയും മറ്റ് വിശിഷ്ടാതിഥികളും കോളേജ് അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.