ഇലവീഴാപൂഞ്ചിറ റോഡിന് ശാപമോക്ഷം. 11.19 കോടി രൂപ അനുവദിച്ചു

പാലാ/ഈരാറ്റുപേട്ട: ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും അറുതി വരുത്തി ഇലവീഴാപൂഞ്ചിറ റോഡിൻ്റെ നവീകരണത്തിന് സംസ്ഥാന സർക്കാർ 11 കോടി പത്തൊൻമ്പത് ലക്ഷം രൂപാ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതു സംബന്ധിച്ച ഭരണാനുമതിയും സർക്കാർ ഉത്തരവും  പുറത്തിറങ്ങി. സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കി റോഡ് നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ മാണി സി കാപ്പൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 


11 കിലോമീറ്റർ ദൂരമുള്ള കാഞ്ഞാർ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിൻ്റെ അഞ്ചരകിലോമീറ്റർ മുതലുള്ള തകർന്ന് തരിപ്പണമായ റോഡാണ് ബിഎംബിസി ടാറിംഗ് നടത്തി നവീകരിക്കുന്നത്.

പന്ത്രണ്ടു വർഷത്തിലേറെക്കാലമായി തകർന്നു തരിപ്പണമായി ഈ റോഡ് കിടക്കുകയായിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തരമായ പരാതി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നവരെ പിന്നീട് കാണാനും കഴിഞ്ഞില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. നാട്ടുകാർ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. 

പലപ്പോഴും ടാക്സി വാഹനങ്ങൾ ഈ വഴി സഞ്ചരിക്കാൻ യാത്രക്കാരിൽനിന്നും ആയിരം രൂപ വരെ ചാർജു ചെയ്തിരുന്നു. വാഹനത്തിൻ്റെ ടയർ കീറി പോകുന്നതടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉയർന്ന ചാർജുകൾ ഈടാക്കിയിരുന്നത്. മറ്റ് വഴികളില്ലാതെ വന്നതോടെ ഉയർന്ന തുക നൽകാൻ നാട്ടുകാർ നിർബ്ബന്ധിതരാകുകയായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യർത്ഥിക്കാൻ ചെന്ന മാണി സി കാപ്പനെ നാട്ടുകാർ തകർന്നു കിടക്കുന്ന റോഡിലൂടെ കൊണ്ടുപോയി. അന്ന് നാട്ടുകാർക്ക് നൽകിയ വാഗ്ദാനപൂർത്തീകരണത്തിന് തുടക്കം കുറിക്കുകയാണ് സർക്കാരിൻ്റെ ഈ നടപടി.

എം എൽ എ ആയതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ എന്നിവരെ കണ്ട് റോഡിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തി. തുടർന്ന് നിരന്തരം നടത്തിയ ശ്രമത്തിൻ്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഈ റോഡിൻ്റെ കാര്യത്തിൽ കാപ്പനിൽ നിന്നും ഉറപ്പു വാങ്ങിയ ബിഷപ്പ് വി എസ് ഫ്രാൻസീസ് ഇതിനായി നിരന്തരം സമ്മർദ്ദം ചെലുത്തി. ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ഈ റോഡിൻ്റെ നവീകരണത്തിനായി എം എൽ എ യ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു. 

ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്.

റോഡിൻ്റെ വികസനത്തിന് മുൻകൈയെടുത്ത മാണി സി കാപ്പനെ എൻ സി പി ബ്ലോക്ക് കമ്മിറ്റിയും പൗരസമിതിയും അഭിനന്ദിച്ചു.