സി.പിഎമ്മിനുള്ള ജനപക്ഷ പിൻതുണ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ. യൂത്ത് കോൺഗ്രസ്


പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സി.പിഎമ്മിന് ജനപക്ഷം പിൻതുണ നല്കിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈയിടെ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷൻ ഉൾപ്പെടെയുള്ള സീറ്റുകളിൽ ജനപക്ഷത്തിന് സി.പി.എം പിൻതുണ നല്കിയതിൻ്റെ പ്രത്യുപകാരമാണെന്ന് യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. 

പരസ്പരം അധികാരം കൈവശപ്പെടുത്തുവാൻ ഒളിഞ്ഞും തെളിഞ്ഞും പരസ്പര ധാരണയിലൂടെ പോവുന്ന നിലപാടാണ് കുറെ നാളുകളായി സി.പി.എമ്മും ജനപക്ഷവും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനായി പരസ്യമായി നാഴികയ്ക്ക് നാല്പത് വട്ടം സി.പി.എമ്മിനെതിരെ ഘോര ഘോരം പ്രസംഗിക്കുന്ന പി.സി.ജോർജും എം.എൽ.എ യ്ക്കെതിരെ പരസ്യ വേദിയിൽ ചീമുട്ടയെറിയുവാനും ആക്രമിയ്ക്കാനും ശ്രമിച്ച സി.പി.എമ്മും തമ്മിലുള്ള അധികാര കൂട്ടുകെട്ട് ലജ്ഞാകരമാണെന്ന് യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു. 

പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ഉൾപ്പെടെ ജനപക്ഷത്തിനെതിരെ സമരം നയിച്ചവർ അധികാരത്തിൻ്റെ അപ്പക്കക്ഷണങ്ങൾക്ക് വേണ്ടി അവരുടെ പിൻതുണ വാങ്ങിയതിൻ്റെ ധാർമ്മികത അറിയുവാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിൻ്റെ പിൻതുണ സ്വീകരിച്ച കേരളാ കോൺഗ്രസ് ജോസ് വിഭാഗം കെ.എം മാണിയെപ്പറ്റിയും ജോസ്.കെ.മാണിയെപ്പറ്റിയും പി.സി ജോർജ് നടത്തിയ പ്രസ്താവനകൾ അധികാര തിമിരം ബാധിച്ചപ്പോൾ മറന്ന് പോയോ എന്നും യൂത്ത് കോൺഗ്രസ് ചോദിച്ചു. 

ഈ കൂട്ടുകെട്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു. യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനു നടുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു.ജില്ലാ സെക്രട്ടറി അഡ്വ.ബോണി മാടപ്പള്ളി ഉദ്ഘാടനം ചെയ്തു.