ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികളെ ഈരാറ്റുപേട്ട പോലീസ് പിടികൂടി.

ഈരാറ്റുപേട്ട: പൂഞ്ഞാൻ മന്നം ഭാഗത്ത് വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട കടുവാമൂഴി ചേലപ്പാടത്ത് മണവാട്ടി അർഷദ് എന്നു വിളിക്കുന്ന അർഷ്(33), ഇടുക്കി തടിയമ്പാട് താന്നിക്കുന്നേൽ, കണ്ണാടി ആശാൻ എന്നറിയപ്പെടുന്ന ജോയി(48) എന്നിവരാണ് അറസ്റ്റിലായത്. 

മന്നം സ്വദേശി വിളക്കുന്നേൽ വീട്ടിൽ സണ്ണി ജോർജിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുവളപ്പിൽനിന്നു മോഷണം പോയത്. പാലാ ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വർഗീസിന്റെ മേൽനോട്ടത്തിലായിരുന്നു ശാസ്ത്രീയ അന്വേഷണം. 

അന്വേഷണ ഭാഗമായി കോട്ടയം ഇടുക്കി ജില്ലകളിലെ നൂറുകണക്കിന് സി.സി.ടി.വികളിലെ മണിക്കൂറുകൾ നീളുന്ന ദൃശ്യങ്ങളാണ് പോലീസ് സംഘം പരിശോധിച്ചത്. ഇതോടൊപ്പം സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ രഹസ്യ നിരീക്ഷണം നടത്തുകയും മോഷണ വാഹനങ്ങൾ വാങ്ങുന്നവരെക്കുറിച്ചു വിവരം ശേഖരിക്കുകയും ചെയ്തു. 

തുടർന്നാണ് മുൻപ് നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആർഷിലേക്കും മോഷണ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന ജോയിയിലേക്കും അന്വേഷണ സംഘം എത്തിച്ചേർന്നത്. 

മോഷ്ടിച്ച വാഹനം ഇടുക്കി തടിയമ്പാടുനിന്ന് പോലീസ് കണ്ടെടുത്തു. ഈരാറ്റുപേട്ട് എസ്.ഐ. അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാബുമോൻ ജോസഫ്, സുരേഷ്‌കുമാർ, അരുൺ ചന്ദ്, ജിനു കെ.ആർ, ജസ്റ്റിൻ ജോസഫ്, കിരൺ എന്നിവരാണ് ഉള്ളത്.