കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അനിശ്ചിതകാല സായാഹ്നസത്യാഗ്രഹം ആരംഭിക്കും.


കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്  വിവിധ കർഷക-സാമൂഹിക സംഘടനകളുടെ ഏകോപനത്തിൽ ഡിസംബർ 23 മുതൽ ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ വൈകുന്നേരം 5 മണിക്ക് അനിശ്ചിതകാല സായാഹ്നസത്യാഗ്രഹ സമരകേന്ദ്രം ആരംഭിക്കും.

രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കർഷകർ നടത്തുന്ന അതിജീവന സമരത്തിന് പിന്തുണ നൽകുകയാണ് സത്യാഗ്രഹത്തിന്റെ ഉദ്ദേശം. വിവിധ കർഷക, സാമൂഹിക സംഘടനകളും റസിഡന്റ്സ് അസ്സോസിയേഷനുകളും സാമൂഹിക പ്രവർത്തകരുമടങ്ങുന്ന ഐക്യദാർഢ്യ സമിതിയാണ് സത്യാഗ്രഹത്തിന് നേതൃത്വം നൽകുന്നത്. സമരകേന്ദ്രത്തിൽ ചർച്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കും. ഓരോ ദിവസവും വിവിധ സംഘടനാ പ്രതിനിധികൾ സത്യാഗ്രഹമനുഷ്ഠിക്കും.

10 വർഷങ്ങൾക്കുമുമ്പ് കാർഷിക പ്രശ്നങ്ങൾ മുൻനിർത്തി നടത്തിയ 100 ദിന 24 മണിക്കൂർ തുടർനിരാഹാരസമരത്തിന്റെ വേദി എന്ന നിലയിലാണ് ഈരാറ്റുപേട്ട വീണ്ടും സമര കേന്ദ്രമാക്കിയതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.

ടോമിച്ചൻ സ്കറിയാ , അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എബി പൂണ്ടിക്കുളം, ജോഷി ജോസഫ് , ഡോ. ജോളി കെ.ജെയിംസ് എന്നിവർ നേതൃത്വം നൽകും.