Latest News
Loading...

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ അന്തരിച്ചു

ആലുവ: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ (74) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെ വീട്ടില്‍ കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതാമാണ് മരണകാരണം. 

രാവിലെ എട്ട് മണിക്ക് കടയില്‍ പോയി തിരികെ വീട്ടിലേക്ക് വരുമ്പോള്‍ റോഡില്‍ വെച്ച് കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വീട്ടിലെത്തിച്ചു. കാലടി ശ്രീശങ്കര കോളേജിലേയും ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്‌നോളജിയിലേയും മുന്‍ അധ്യാപകനായിരുന്നു. 
കോളേജുകളില്‍ ഇക്കോ ക്ലബ്ബുകള്‍ രൂപീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവത്കരണ ക്ലാസുകള്‍ നടത്താനും സീതാരാമന്‍ മുന്‍പന്തിയിലായിരുന്നു.

 പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും 20 വര്‍ഷത്തോളം സെക്രട്ടറിയുമായിരുന്നു. കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിഡന്റുമായിരുന്നു. കേരളത്തിനകത്തും പുറത്തമായി നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. 1990കളില്‍ നൂറ് കണക്കിന് വൃക്ഷങ്ങള്‍ കൊണ്ട് ശിവരാത്രി മണപ്പുറത്ത് കുട്ടിവനം രൂപീകരിച്ചു. 

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി 'മാതൃഭൂമി' രൂപീകരിച്ച സീഡ് പദ്ധതിയുടെ ആശയം പകര്‍ന്നു നല്‍കിയത് പ്രൊഫ. സീതാരാമനാണ്.
തീരദേശ പരിപാലന നിയമം നടപ്പാക്കണമെന്ന് പ്രൊഫ.എസ്. സീതാരാമന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ആലുവയില്‍ ടൂറിസം വകുപ്പിന്റെ ഹോട്ടല്‍ ക്ലബ് 9 പൊളിച്ചു നീക്കിയത്. തീരദേശ പരിപാലന നിയമ പ്രകാരം രാജ്യത്ത് ആദ്യമായി ഒരു കെട്ടിടം പൊളിക്കുന്നതിന് പ്രൊഫ.എസ്. സീതാരാമന്‍ കാരണമായി. കെട്ടിടം നിലനിന്നിരുന്ന സ്ഥലത്ത് സീതാരാമന്റെ ആശയ പ്രകാരം 'മാതൃഭൂമി' യുടെ നേതൃത്വത്തില്‍ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നിറച്ച് മാതൃകാത്തോട്ടമൊരുക്കി.
 
മീനച്ചിൽനദീസംരക്ഷണസമിതിയുൾപ്പെടെയുള്ള നദീസംരക്ഷണസമിതികളൂടെ കൂട്ടായ്മയായി കേരളനദീസംരക്ഷണസമിതി 1998 ൽ ആണ് രൂപീകരിച്ചത്. അന്നുമുതൽ മരിക്കുന്നതുവരെ പ്രൊഫ. S .സീതാരാമൻ സമിതിയുടെ എല്ലാമായിരുന്നു. നേതൃനിരയിലുണ്ടായിരുന്ന P.S.ഗോപിനാഥൻനായരും N. അപ്പുക്കുട്ടൻപിള്ളയും ഇന്നില്ല. കേരളത്തിലെവിടെയും പുഴകളുടെയും മലകളുടെയും മരങ്ങളുടെയും ശബ്ദമായി അദ്ദേഹം എത്തിയിരുന്നു. 
1986 ൽ ആലുവ പരിസ്ഥിതി സംരക്ഷണസമിതി രൂപീകരിച്ചതും അദ്ദേഹത്തിന്റെ മുൻകൈയിലായിരുന്നു.
നദീസംരക്ഷണസമിതിയുടെ ജനറൽസെക്രട്ടറിയും പ്രസിഡന്റുമൊക്കെയായി 22വർഷത്തെ തുടർച്ചയിൽ സമിതിയുടെ സാമ്പത്തികസ്രോതസ്സും മുഖ്യമായി സീതാരാമനായിരുന്നു.

Post a Comment

0 Comments