ഈരാറ്റുപേട്ട നഗരസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം പിഎം അബ്ദുല്‍ഖാദര്‍ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാവിലെ 10 മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൗണ്‍സിലര്‍മാര്‍ ജാഥയായാണ് നഗരസഭയിലേയ്ക്ക് എത്തിയത്. നിരവധി പ്രവര്‍ത്തകരും നേതാക്കളും അഭിവാദ്യവുമായി ഇവര്‍ക്കൊപ്പമെത്തി. പോലീസ് സുരക്ഷയും നഗരസഭയില്‍ ഏര്‍പ്പെടുത്തിയിരുന്നു.
അംഗങ്ങള്‍ക്ക് ലഭിച്ച ഫോറം പൂരിപ്പിച്ച് നല്കിയ ശേഷം ആദ്യം മുതിര്‍ന്ന അംഗമായ അബ്ദുല്‍ഖാദറിനെ വരണാധികാരി സത്യപ്രതിജ്ഞക്കായി ക്ഷണിച്ചു. അല്ലാഹുവിന്രെ നാമത്തിലാണ് അബ്ദുല്‍ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് വാര്‍ഡ് നമ്പര്‍ അനുസരിച്ച് ബാക്കി 27 കൗണ്‍സിലര്‍മാരും സദസിലെത്തി സത്യപ്രതിജ്ഞ ചെയ്തു.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു നടപടികള്‍. പ്രവര്‍ത്തകര്‍ക്ക് ഹാളിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. കൗണ്‍സിലില്‍ അബ്ദുല്‍ഖാദര്‍ മാത്രമാണ് മുന്‍ കൗണ്‍സിലില്‍ ഉണ്ടായിരുന്ന ഏക അംഗം. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എന്നാല്‍ സുഹ്റ അബ്ദുല്‍ഖാദര്‍, പഞ്ചായത്തായിരുന്നപ്പോള്‍ പ്രസിഡന്റ് പദവിയിലിരുന്നയാളാണ്.
ഇത്തവണ വനിത അംഗത്തിനാണ് ചെയര്മാന് പദവി. ലീഗില്‍ നിന്നും വിജയിച്ച സുഹ്റ അബ്ദുല്‍ഖാദര്‍, തല്സ്ഥാനത്തെത്തുമാണ് സൂചന.