സത്യപ്രതിജ്ഞാ ചടങ്ങില്‍ പിസി ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചത് വിവാദമായി


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിസി ജോര്‍ജ്ജ് എംഎല്‍എ പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചത് വിവാദമാകുന്നു. ചടങ്ങില്‍ എംഎല്‍എ പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും സിപിഎം വ്യക്തമക്കി. 

തിങ്കളാഴ്ച ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് പിസി ജോര്‍ജ്ജ് എംഎല്‍എ പങ്കെടുത്തത്. ചടങ്ങിന് മുന്നോടിയായി എംഎല്‍എ ഭദ്രദീപ പ്രകാശനം നടത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് മറ്റൊരിടത്തും നടക്കാത്ത ഈ നടപടി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. 

ചടങ്ങിലേയ്ക്ക് എംഎല്‍എയെ ക്ഷണിച്ച വരണാധികാരിയുടെ നടപടി പ്രോട്ടോക്കോള്‍ വിരുദ്ധമാണെന്നും ചടങ്ങില്‍ സംബന്ധിച്ച എംഎല്‍എയുടെ നടപടിയ്ക്കെതിരെയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്കും വരണാദികാരിയ്ക്കുമെതിരെയും  ഇലക്ഷന്‍ കമ്മീഷന് പരാതി നല്കുമെന്നും സിപിഎം നേതൃത്വം പറഞ്ഞു.