മുണ്ടാങ്കല്‍ പള്ളിയില്‍ കര്‍ഷക മാര്‍ക്കറ്റും ഓണ്‍ലൈന്‍ കാര്‍ഷികവിപണിയും കേക്ക് മേളയുംപാലാ രൂപതയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുണ്ടാങ്കല്‍ സെന്റ് ഡോമിനിക് ഇടവകയുടെയും സെന്റ് ആന്റണീസ് ഷ്‌റൈനിന്റെയും പൊതുജനക്ഷേമപ പരിപാടികളുടെയും പാലാ രൂപത കര്‍ഷകദശവര്‍ഷ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇടവകകളുടെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കര്‍ഷക ഓപ്പര്‍ണ്‍മാര്‍ക്കറ്റിന്റെയും ഏദന്‍തോട്ടം ഓണ്‍ലൈന്‍ കര്‍ഷക വ്യാപാരത്തിന്റെ ഉദ്ഘാടനവും കോവിഡ് 19 ന്റെ അതിരൂക്ഷഫലങ്ങള്‍ അനുഭവിക്കുന്ന മരിയസദന്‍ മാനസികാരോഗ്യകേന്ദ്രത്തിലെ അംഗങ്ങളെ സഹായിക്കുന്നതിനായി നടത്തപ്പെടുന്ന കേക്കുമേളയുടെ ഉദ്ഘാടനവും നടന്നു. 


ഇടവകയിലെ യുവജനസംഘടനയായ എസ്.എം.വൈ.എം.ന്റെ  നേതൃത്വത്തില്‍ മാസ്റ്റര്‍ ഷെഫായി സേവനമനുഷ്ഠിക്കുന്ന ശ്രീ എബിന്‍ ബാബുവിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന പൈനാപ്പിള്‍ കേക്കുകള്‍ ക്രിസ്തുമസിനോടനുബന്ധിച്ച് വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുന്നു. യുവജനങ്ങളുടെതന്നെ നേതൃത്വത്തില്‍ ഗ്രീന്‍ഹൗസില്‍ വളര്‍ത്തുന്ന പച്ചക്കറിത്തോട്ടത്തിലെ വെണ്ട, മുളക്, പയര്‍,  പാവല്‍, പടവലം, മത്തന്‍, മഞ്ഞള്‍, ഇഞ്ചി, കോളിഫഌര്‍, കാബേജ്, ചീര, ചീന തുടങ്ങിയ പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ക്രമീകരിച്ചിരിക്കുന്ന കര്‍ഷക മാര്‍ക്കറ്റിന്റെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും കൂടാതെ ഇടവകയില്‍ത്തന്നെ സജ്ജമാക്കിയിരിക്കുന്ന മത്സ്യം, മത്സ്യത്തീറ്റ, മത്സ്യ വളങ്ങളുടെയും വില്‍പനയും വിതരണവും  ഉദ്ഘാടനം ചെയ്തു.


''നിങ്ങള്‍ ഇവര്‍ക്ക് ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത്'' എന്ന ഈശോയുടെ വചനം അനുസ്മരിച്ചുകൊണ്ട് ആവശ്യത്തിലിരിക്കുന്ന മരിയസദനം അംഗങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനായാണ് ഈ പദ്ധതികള്‍ ഈ കോവിഡ്കാലത്തുപോലും ഉദ്ഘാടനം ചെയ്യപ്പെടുന്നതും പ്രവര്‍ത്തനസജ്ജമാക്കുന്നതും. പ്രസ്തുത പ്രവര്‍ത്തന മേഖലകളുടെ ഉദ്ഘാടനം പാലാ രുപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.  പാലായുടെ എം.എല്‍.എ. മാണി സി.കാപ്പന്‍ ഉദ്ഘാടനസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.


യോഗത്തില്‍ ഇക്കഴിഞ്ഞ തദ്ദേശ പഞ്ചായത്ത് / മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വിജയികളായ ഇടവകാംഗങ്ങളായ ആന്റോ പടിഞ്ഞാറെക്കര, ജോസ് എടേട്ട്,  സതി ശശികുമാര്‍, ലിസമ്മ വട്ടക്കാനാല്‍, ലിസമ്മ വരകില്‍പറമ്പില്‍ എന്നിവരെ ആദരിക്കുകയും അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തു.  ഇടവകയുടെ വികാരിയും പ്രസ്തുത സംഘടനാപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കുന്ന റവ. ഡോ. മാത്യു കിഴക്കേഅത്താണിയില്‍ സ്വാഗതം ആശംസിച്ചു.  ജോയി വേരനാനി കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികള്‍തന്നെ അവതരിപ്പിക്കുന്ന ലൈവ് പുല്‍ക്കൂട് ഈ സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.