ളാലം ഉല്‍സവത്തിന് കൊടിയേറി. അമ്പലപ്പുറത്ത് കാവില്‍ കോവിഡ്‌സ്മാരകം സമര്‍പ്പിച്ചു

പാലാ ളാലം അമ്പലപ്പുറത്തു ഭഗവതി ക്ഷേത്ര കവാടത്തില്‍ കോവിഡ്‌സ്മാരകം ഉയര്‍ന്നു. കോവിഡ് ചരിത്രം ആലേഖനം ചെയ്ത് ക്ഷേത്ര മാതൃകയിലാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം, മരണമടഞ്ഞ പ്രമുഖര്‍ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

തൊടുപുഴ കാത്തിരമറ്റം സ്വദേശി പി.എം മനോജാണ് സ്മാരകത്തിന്റെ ശില്‍പി. സ്മാരക സമര്‍പ്പണം ക്ഷേത്ര കവാടത്തില്‍ ജോസ് കെ മാണി എംപി നിര്‍വഹിച്ചു. ക്ഷേത്ര നടയിലേക്കുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എയും നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരി രാജേഷ് പല്ലാട്ട്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പുത്തൂര്‍ പരമേശ്വരന്‍ നായര്‍,

അസിസ്റ്റന്റ് ദേവസ്വം കമീഷണര്‍ ജി.ജി മധു, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ വാസുദേവന്‍ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പി.ആര്‍ നാരായണന്‍കുട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബീജി ജോജോ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

ളാലം മഹാദേവ ക്ഷേതത്തിന്റെ ഉപദേവാലയമാണ് അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രം. ളാലം മഹാദേവ ക്ഷേത്രോത്സവത്തിനും തുടക്കം കുറിച്ചു തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി  മേല്‍ശാന്തി കാരനാട്ടില്ലം നാരായണ ഭട്ടതിരി എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റി  30 ന് ആറാട്ടോടെ സമാപിക്കും.