സൂചനകള്‍ ജോസ്‌ കെ മാണിയ്‌ക്ക്‌ അനുകൂലമല്ലെന്ന്‌ മാണി സി കാപ്പന്‍.


പാലാ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ വിജയമാണെന്ന് ഉണ്ടായതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളമൊട്ടാകെ ഈ വിജയത്തിൻ്റെ ഫലം ദൃശ്യമാണ്. ഇത് ഒരു വിഭാഗത്തിൻ്റെ മാത്രം നേട്ടമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പാലായിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


പാലാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് ഭരിച്ചിരുന്ന രാമപുരം, മുത്തോലി പഞ്ചായത്തുകൾ ഇപ്പോൾ നഷ്ടമായി. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽ ഭരണം നേടാനായില്ല. ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ഇല്ലാതെ ഇടതുമുന്നണി പാലായിൽ ഉണ്ടാക്കിയ നേട്ടത്തിനൊപ്പം എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പാലാ മുനിസിപ്പാലിറ്റിയിൽ 17 സീറ്റ് ഉണ്ടായിരുന്ന ജോസ് വിഭാഗത്തിന് 10 സീറ്റ് മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ.

ഇടതുപക്ഷത്തിനൊപ്പം തന്നെയാണ് എൻ സി പി. രണ്ടു പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനുശേഷം ഇടതു പ്രവർത്തകർ കഷ്ടപ്പെടു നേടിയതാണ് പാലാ സീറ്റ്. 9 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഇടതുമുന്നണി ലീഡ് നേടിയിരുന്നു. ഒരു പഞ്ചായത്തിൽ ഒരു സീറ്റു വീതം എങ്കിലും എൻ സി പി ക്കു ലഭിക്കേണ്ടതായിരുന്നു. ആകെ തന്നത് രണ്ടു സീറ്റാണ്. ഇതിൽ എൻ സി പി പ്രവർത്തകർക്കു കടുത്ത പ്രതിഷേധമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൻ സി പി ക്കായി കഷ്ടപ്പെട്ട ഇടതു പ്രവർത്തകർ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നതിനാൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം അറിയിക്കാതെ രാഷ്ടീയ മര്യാദ കാണിക്കാൻ എൻ സി പി പാലായിൽ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം അക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അതേ സമയം തിരഞ്ഞെടുപ്പ് സമയത്ത്  കടനാട്, കരൂർ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിലെ അതൃപ്തി സി പി ഐ പ്രകടിപ്പിക്കുകയും മുന്നണിക്കു പുറത്ത് പരസ്യമായി മത്സരിക്കുകയും ചെയ്ത കാര്യവും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. 

എൻ സി പി പാർട്ടിയുടെ  അഭിപ്രായം തുറന്നു പറയും. ഇക്കാര്യം മുന്നണി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതിൻ്റെ പേരിൽ എൻ സി പി യെ മുന്നണി വിരുദ്ധരായി ചിത്രീകരിക്കേണ്ട കാര്യമില്ല. ഇടതു മുന്നണിയുടെ ഭാഗമാണ് എൻ സി പി. 

ആർക്കും ആരെയും സ്വാഗതം ചെയ്യാമല്ലോ എന്നായിരുന്നു യുഡിഎഫ് കൺവീനർ എം എം ഹസ്സൻ സ്വാഗതം ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോൾ മാണി സി കാപ്പൻ പറഞ്ഞു. എൻ സി പി യുടെ സിറ്റിംഗ് സീറ്റാണ് പാലാ. പാലായിൽ തന്നെ മത്സരിക്കും. പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പൻ വ്യക്തമാക്കി. പാലായിൽ മത്സരിക്കേണ്ട എന്ന് മുന്നണി പറഞ്ഞിട്ടില്ല. 54 വർഷത്തെ പോരാട്ടത്തിന് ശേഷം നേടിയ സീറ്റ് തോറ്റ കക്ഷിക്കു തന്നെ വിട്ടു കൊടുക്കാൻ മുന്നണി പറയുമെന്ന് തോന്നുന്നില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു.