സി. അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം


തിരുവനന്തപുരം: 28 വര്‍ഷം നീണ്ട അന്വേഷണത്തിനും ഒരു വര്‍ഷത്തിലേറെ കാലം നീണ്ട വിചാരണയ്ക്കും ശേഷം സിസ്റ്റര്‍ അഭയ വധക്കേസിൽ വിധി വരുമ്പോൾ കടുത്ത ശിക്ഷയാണ് വിചാരണ നടത്തിയ തിരുവനന്തപുരം സിബിഐ കോടതി കേസിൽ പ്രതികൾക്ക് നൽകിയത്. അഭയ വധക്കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തമാണ് സിബിഐ കോടതി വിധിച്ചത്. കൊലപാതകം കൂടാതെ മഠത്തിൽ അതിക്രമിച്ചു കയറിയതിനാണ് മറ്റൊരു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചത്. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

അഭയ വധക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് കോടതി നൽകിയ ശിക്ഷ താഴെപറയും വിധമാണ്. 302-ാം വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കേസിൽ തെളിവ് നശിപ്പിച്ചതിന് 201-ാം വകുപ്പ് അനുസരിച്ച് 7 വർഷം തടവ് ശിക്ഷയും 50,000 രൂപ പിഴയും, കൊലപ്പെടുത്താൻ വേണ്ടി കോണ്‍വൻ്റിലേക്ക് അതിക്രമിച്ച് കയറിയതിന് 449-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ഫാദര്‍ തോമസ് കോട്ടൂരിന് കോടതി വിധിച്ചു. 

എന്നാൽ തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയത് ഫലത്തിൽ ജീവിതാന്ത്യം വരെ പ്രതികൾ കോടതിയിൽ കഴിയേണ്ടി വരും. കേസിൽ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് 302-ാം വകുപ്പ് (കൊലപാതകം) പ്രകാരം ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും, 201-ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ് ശിക്ഷയും 50000 രൂപ പിഴയുമാണ് സ്റ്റെഫിക്ക് കോടതി വിധിച്ചത്.