തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സംവരണം; സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ഒഴിവാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു ഹെെക്കോടതി സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഇത് നടപ്പാനാകിലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരും ഹെെക്കോടതിയില്‍ വ്യക്തമാക്കി. ഇരു കൂട്ടരും അപ്പീലിലുടെ അറിയിച്ച കാര്യങ്ങള്‍ അംഗീകരിച്ചാണ് ഡിവിഷന്‍ നടപടി.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം 50 ശതമാനത്തില്‍ താഴേയ്ക്ക് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.