ജനപക്ഷം പിന്തുണ വേണ്ട. പൂഞ്ഞാര്‍ തെക്കേക്കരയില്‍ രാജി ഉടന്‍ ?


ജനപക്ഷം പിന്തുണയോടെ പ്രസിഡന്റ് പദത്തിലെത്തിയ സിപിഎം പൂഞ്ഞാര്‍ തെക്കേക്കരയില്‍ രാജിയ്‌ക്കൊരുങ്ങുന്നു. സംസ്ഥാന തലത്തില്‍ തന്നെ ഈ പ്രസിഡന്റ് പദം ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടി. ജനപക്ഷവുമായി സഹകരണം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടിയെന്നും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു. 

ജനപക്ഷവുമായി മുന്‍ധാരണകളൊന്നുമില്ല. പാര്‍ട്ടി അത് പരിശോധിച്ച് യഥാസമയം തീരുമാനമെടുക്കും. ജനപക്ഷവുമായി സഹകരിക്കേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനപക്ഷവുമായോ ബിജെപിയുമായോ എസ്ഡിപിഐ പോലുള്ള സംഘടനകളുമായോ യാതൊരു സഖ്യവും സിപിഎം സ്വീകരിച്ചിട്ടില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. 


ഏതെങ്കിലുമൊരു കക്ഷിയുമായും യാതൊരു വിധ ചര്‍ച്ചയും നടത്താത്ത സാഹചര്യത്തിലും വിവാദമുണ്ടാക്കാന്‍ ജനപക്ഷം വോട്ട് ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്തില്‍ ഷോണിന് ജയിക്കാന്‍ സിപിഎം അവസരമൊരുക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മേലുകാവ്, തലപ്പലം അടക്കമുള്ള പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് എത്തിയിട്ടും സമ്പൂര്‍ണ ഐക്യത്തോടെ മല്‍സരിക്കാന്‍ കഴിയാതെ പോയതാണ് പരാജയത്തിന് കാരണമായതെന്നും കുര്യാക്കോസ് ജോസഫ് പറഞ്ഞു.