കുറവിലങ്ങാട് വീട് ആക്രമിച്ച സി.പി.എം ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്യണം.കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്തിലെ താന്നിക്കൽ ഭാഗത്ത് നിരവധി വീടുകൾ ആക്രമിക്കുകയും, വിവിധ ഓട്ടോറിക്ഷകളും വീട്ട് ഉപകരണങ്ങളും അടിച്ച് തകർക്കുകയും സ്ത്രീകളുടെ ഉൾപ്പെടെ കൈ - കാലുകൾ അടിച്ച് തകർത്ത് ഗുണ്ടാ വിളയാട്ടം നടത്തുകയും ചെയ്ത  കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ് നടപടിയിൽ കോൺഗ്രസ് (ഐ) പാർട്ടിയുടെ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

     അക്രമത്തിന് ഇരയായ ആറ് കുടുംബങ്ങൾ തങ്ങൾക്ക് നീതി ലഭിക്കാത്തത് സംബന്ധിച്ച് നേരിട്ട് നൽകിയ പരാതി ജില്ലാ പോലീസ് ചീഫിന് കൈമാറിയതായി എം.എൽ.എമാർ വ്യക്തമാക്കി. കണ്ടാൽ അറിയാവുന്ന സി.പി.എം - ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെ സംരക്ഷണയോടെയാണ് നിഷ്ഠൂരമായ അക്രമ പ്രവർത്തനങ്ങൾ നടത്തിയതെന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് സ്ത്രീകൾ ഉൾപ്പെടെ പരാതിപ്പെട്ടു. 

ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാത്തിനെയും കൊന്ന് കളയുമെന്ന് ഭീഷണി മുഴക്കി കൊണ്ടാണ് അക്രമികൾ ഓരോ വീട്ടിലും കയറി വടിവാളിന് വെട്ടുകയും, മാരകായുധങ്ങളുമായി ഗുണ്ടാവിളയാട്ടം നടത്തുകയും ചെയ്തതെന്ന് അക്രമത്തിന് ഇരയായവർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി തിരുവഞ്ചൂർ രാധാകൃഷ്ണനും, മോൻസ് ജോസഫും കുടുംബാംഗങ്ങളെ അറിയിച്ചു. 

     ഇത്രയേറെ നീചവും, നിന്ദ്യവുമായ അക്രമ പ്രവർത്തനങ്ങൾ സി.പി.എം ന്റെ നേതൃത്വത്തിൽ ആസൂത്രിതമായി നടത്തിയ ശേഷം പ്രശ്നങ്ങളെ നിസ്സാര വത്ക്കരിച്ച് കൊണ്ട് കൈകഴുകി മാറാനുള്ള എൽ.ഡി.എഫിനെ ശ്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും, മോൻസ് ജോസഫും ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്കെതിരെ ദുർബലമായ സെക്ഷൻ ഇട്ട് കേസ് എടുത്ത പോലീസ്, അക്രമത്തിന് ഇരയായ പാവങ്ങൾക്കെതിരെ കള്ളക്കേസ് എടുക്കാനാണ് ശ്രമിച്ചതെന്ന് പരാതി ഉയർന്നിരിക്കുകയാണ്. ഇക്കാര്യം സത്യസന്ധമായി പരിശോധിക്കണമെന്ന് എം.എൽ.എമാർ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായ കുടുംബങ്ങൾക്ക് ഇപ്പോൾ നീതി നിഷേധിച്ചിരിക്കുകയാണ്. രാത്രി സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടാ വിളയാട്ടം നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകാത്ത സാഹചര്യമാണ് ഇനിയും ഉണ്ടാകുന്നതെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് തിരുവഞ്ചൂരും, മോൻസും അറിച്ചു.
     കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം സംഭവത്തിൽ പ്രതിഷേധിച്ചു. കെ.പി.സി.സി മെമ്പർ അഡ്വ. ടി.ജോസഫ്, കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറി തോമസ് കണ്ണന്തറ, വിവിധ യു.ഡി.എഫ് നേതാക്കളായ ജോസഫ് തെന്നാട്ടിൽ, ജോർജ് ചെന്നേലി, ജീൻസൺ ചെറുമല, അനിൽ കുമാർ കാരക്കൽ, ജോയി വെളിയത്ത്, ടോമി മാക്കീൽ, സിബി ചിറ്റക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. ആക്രമണത്തിന് ഇരയായവരുടെ വീടിന് പോലീസ് സംരക്ഷണം നൽകണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ഇതിന് പകരം പ്രതികളുടെ വീട് സംരക്ഷിക്കാൻ പോകുന്ന പോലീസ് നടപടി തികച്ചും ലജ്ജാകരമാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.