ജനിതക മാറ്റം സംഭവിച്ച കൊറോണ ഇന്ത്യയിലും


ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലും. ബ്രിട്ടണിൽ നിന്നും രാജ്യത്ത് എത്തിയ ആറ് പേരിലാണ് ജനിത മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആറ് പേരും അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

ബംഗളൂരുവിലെ എൻഐഎംഎച്ച്എഎൻഎസിൽ പരിശോധിച്ച മൂന്ന് സാമ്പിളുകളിലും, ഹൈദരാബാദിലെ സിസിഎംബിയിൽ പരിശോധിച്ച രണ്ട് സാമ്പിളുകളിലുമാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയത്. പൂനൈ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാമ്പിളുകളിലൊന്നിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ ആറ് പേരെയും പ്രത്യേകം മുറികളിലാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഇവരുടെ ആരോഗ്യനില അടിക്കടി അധികൃതർ വിലയിരുത്തുന്നുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെയും കുടുംബാംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിശോധനയും, നിരീക്ഷണവും കർശനമാക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ നിരന്തരം സംസ്ഥാനങ്ങൾക്ക് നൽകിവരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.