പൂഞ്ഞാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് കോണ്‍ഗ്രസ്
ഈരാറ്റുപേട്ട: ത്രിതല  പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉജ്ജ്വലമായ വിജയമാണ് നേടിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള പതിമൂന്ന്  സീറ്റില്‍ ഏഴ് സീറ്റ് കോണ്‍ഗ്രസ് നേടി. ഒരു സീറ്റ്  കേരള കോണ്‍ഗ്രസ്  ജോസഫ് വിഭാഗം  നേടിയത്  ഉള്‍പ്പടെ  എട്ടു സീറ്റില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കാന്‍  യുഡിഫിന് സാധിച്ചു. പൂഞ്ഞാര്‍ നിയോജക  മണ്ഡലത്തില്‍ 10 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ വിജയിപ്പിച്ചെടുക്കാന്‍ യുഡിഫിന്  സാധിച്ചു. 


പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ മുഴുവന്‍   കണക്കെടുത്താല്‍ 55 ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍  കോണ്‍ഗ്രസ് ചിഹ്നത്തിലും,  മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ 14 സീറ്റിലും വിജയിക്കുക വഴി  യുഡിഎഫ് പൂഞ്ഞാറില്‍  വന്‍ മേധാവിത്വം നേടി. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍  എല്‍ഡിഎഫിനെ  ബഹുദൂരം പിന്നിലാക്കി യുഡിഎഫ് അധികാരം നിലനിര്‍ത്തുകയും ചെയ്തു.


 പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍  ആകമാനം മത്സരിച്ച  ജനപക്ഷം പാര്‍ട്ടിക്ക് ഈ നിയോജകമണ്ഡലത്തിലെ  എട്ട് ഗ്രാമപഞ്ചായത്ത് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് മറക്കുവാന്‍ പണവും മദ്യവും ഒഴുക്കി വോട്ടര്‍മാരെ കബളിപ്പിക്കാമെന്ന വ്യാമോഹം ഈ തെരഞ്ഞെടുപ്പിലൂടെ തകര്‍ന്നിരിക്കുകയാണെന്ന്  കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. 


ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ എല്‍ഡിഎഫും ബിജെപിയും നടത്തിയ വോട്ടുകച്ചവടം ജനാധിപത്യത്തിന് തീരാക്കളങ്കം ആണെന്നും,  ഈ പാര്‍ട്ടികളുടെ ആയിരക്കണക്കിന് വോട്ടുകളുടെ ചോര്‍ച്ച  എങ്ങനെ സംഭവിച്ചു എന്നത് പൊതുസമൂഹത്തെ അറിയിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന്  എല്‍ഡിഎഫിനും  ബിജെപിക്കും  ഒഴിഞ്ഞുമാറാനാകില്ല എന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടവാഗമണ്‍ റോഡ് നിര്‍മ്മാണത്തില്‍ കഴിഞ്ഞ കുറേ വര്‍ഷക്കാലമായി പൂഞ്ഞാര്‍ എംഎല്‍എ കാണിക്കുന്ന നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിലും,  അനന്തസാധ്യതകളുള്ള ടൂറിസം വികസനത്തിലെ  നിരുത്തരവാദപരമായ നിലപാടിനും എതിരെ   ശക്തമായ പ്രക്ഷോഭം നടത്തുവാനും യോഗം തീരുമാനിച്ചു.


കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ  വി എം മുഹമ്മദ് ഇല്യാസിന്റെ  അധ്യക്ഷതയില്‍ കൂടിയ യോഗം കെപിസിസി സെക്രട്ടറി അഡ്വ എം  ഷെലാജ്  ഉദ്ഘാടനം ചെയ്തു. തോമസ് കല്ലാടന്‍,  ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ ജോമോന്‍ ഐക്കര,  പ്രകാശ് പുളിക്കന്‍, റോയ് കപ്പലുമാക്കല്‍,  അഡ്വ വി ജെ   ജോസ്, വി  പി അബ്ദുല്‍ ലത്തീഫ്,  എം ഐ  ബേബി,  സുരേഷ് കാലായില്‍,  എബി ലൂക്കോസ്,  എം സി വര്‍ക്കി, നൗഷാദ് ഇല്ലിക്കല്‍,  സജി കൊട്ടാരത്തില്‍,  ടി വി ജോസഫ്, പി എച്ച് നൗഷാദ്,  ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.