പോലീസിനെ ആക്രമിച്ച പ്രതിക്ക് ജയിലിൽ കോവിഡ് സ്ഥിരീകരിച്ചു.


ഈരാറ്റുപേട്ട: മാസ്‌ക് ധരിക്കാതെ കാണപ്പെട്ടത് ചോദ്യംചെയ്ത സമയം ഈരാറ്റുപേട്ടയിൽ പോലീസിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. റിമാൻഡിലായ നടയ്ക്കൽ സ്വദേശിക്ക് ജയിലിൽ പ്രവേശിപ്പിക്കും മുമ്പുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ജയിൽ അധികൃതർ കോട്ടയം മെഡിക്കൽ കോളേജിലെ സെല്ലിലേക്ക് മാറ്റി.

ഒക്‌ടോബർ 12നു രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പട്രോളിങ്ങിനിടെ മാസ്‌ക് ധരിക്കാതെ കാണപ്പെട്ട നാൽവർ സംഘത്തോട് എസ്.ഐ. പേരുവിവരം ആരായുകയും മദ്യലഹരിയിലായിരുന്ന പ്രതികൾ പോലീസിനെ ആക്രമിക്കുകയുമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന സുനീർ എന്നയാളെ എസ്.ഐ. സ്ഥലത്തുവച്ചുതന്നെ കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്തിരുന്നു. ഈ സമയം മറ്റുള്ളവർ കടന്നുകളഞ്ഞു. 

നിരവധി കേസുകളിൽ പ്രതിയായ സുനീറിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഒളിവിൽ പോയ മറ്റു പ്രതികൾ ജില്ലാ കോടതിയിൽ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം അനുവദിക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനാണു കോടതി നിർദ്ദേശിച്ചത്. പിന്നീട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. കോവിഡ് കാലത്ത് പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തുന്നത് അതീവ ഗൗരവമായിക്കണ്ടാണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. 

തുടർന്നാണ് കോടതി നിർദ്ദേശാനുസരണം ഇന്നലെ പ്രതികൾ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതികൾ കോടതിമുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ച് മൂന്നുപേരേയും റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. നടയ്ക്കൽ സ്വദേശി സുബീഷ്, തെക്കേകര സ്വദേശികളായ ഷാനവാസ്, മുജീബ് എന്നിവരാണു റിമാൻഡിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയുടെ സമ്പർക്കപ്പട്ടിക പോലീസും ആരോഗ്യവകുപ്പും ശേഖരിക്കുന്നുണ്ട്.