അഭയ കേസ്. വൈദികനും കന്യാസ്ത്രീയും കുറ്റക്കാരെന്ന് കോടതി

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് ഇത് പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

കൊലക്കുറ്റം തെളിഞ്ഞതായി കോടതി വിധിച്ചു. കേസില്‍ മോഷ്ടാവായ അടയ്ക്ക രാജുവിന്റെ വെളിപ്പെടുത്തലുകളാണ് നിര്‍ണായകമായത്. 28 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്. 

2009ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് പ്രതികള്‍ സുപീംകോടതി വരെ പോയെങ്കിലും നിതീ വൈകിപ്പിക്കാന്‍ മാത്രമെ ഉപകരിച്ചുള്ളൂ. പ്രതിഭാഗം ഉയര്‍ത്തിക്കാട്ടിയ സാക്ഷി വാച്ചുമാന്‍രെ മരണവും പ്രതികള്‍ക്ക് തിരിച്ചടിയായി. 

പോലീസിന്റെയും ക്രൈംബ്രാഞ്ചിന്‍രെയും വീഴ്ചകളും നീതി നടപ്പാകുന്നതില്‍ വിലങ്ങുതടിയായി. പലപ്പോഴും കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് നടന്നത്. സിബിഐ ഇക്കാര്യങ്ങളെല്ലാം കണ്ടെത്തുകയും ചെയ്തിരുന്നു. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെയാണ് കോടതിയില്‍ വിസ്തരിച്ചത്. 2008 നവംബര്‍ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്.

2009 ജൂലൈ 17 നാണ് പ്രതികള്‍ക്കെതിരെ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നത്തിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.