വാഗമൺ നിശാപാർട്ടി സംബന്ധിച്ച അന്വേഷണം സിനിമ-സീരിയൽ മേഖലകളിലേക്കും. കേസിലെ ഒന്‍പതാം പ്രതിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെമുതൽ ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പിടിയിലായ മോഡൽ നിരവധിപ്പേരെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നിശാപാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്പനയെന്നാണ് കണ്ടെത്തല്‍. പിടിച്ചെടുത്തത് ഏഴ് തരം ലഹരിമരുന്നുകളാണ്. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് എത്തിച്ചുനല്കിയതെന്നാണ് വിവരം. കൊച്ചി വഴിയാണ് ലഹരിമരുന്ന് വാഗമണിൽ എത്തിച്ചതെന്നാണ് സൂചന. സംഭവത്തിൽ എക്സൈസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പോലീസും അന്വേഷണം നടത്തും.
അറസ്റ്റിലായ പ്രതികൾക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നു സൂചന. കേസിലെ മുഖ്യപ്രതി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനുമാണ് പോലീസ് ഇത്തരത്തിൽ ബന്ധം സംശയിക്കുന്നത്. അറസ്റ്റിലായ ഒന്‍പതു പ്രതികളുടെ വാഹനങ്ങളിൽനിന്നും ബാഗുകളിൽനിന്നുമായാണു ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.
തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മൽ സക്കീറാണ് ഇവയെല്ലാം നിശാ പാർട്ടികളിലേക്ക് എത്തിച്ചു നൽകിയത്. മുൻപ് വിവിധയിടങ്ങളിൽ പാർട്ടികളിൽ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്നു പോലീസ് പറയുന്നു. .