ആനയുടെ ചിത്രമെടുക്കാൻ ശ്രമിച്ചവർക്കെതിരെ ഭീഷണി.

ഇന്നലെ നാടിനെ മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ ആനയുടെ ദൃശ്യങ്ങൾ എടുക്കാൻ ചെന്ന മാധ്യ പ്രവർത്തകർക്കും , നാട്ടുകാർക്കും നേരേ ആന ഉടമയുടെ ആളുകൾ ഭീഷണി മുഴക്കി. ഇന്നലെ അർധ രാത്രിയോട് കൂടിയാണ് ആനയെ കണ്ടെത്താനായത്. ഇതിനിടെ ആനപ്രേമികൾ എന്ന വ്യാജേന എത്തിയവർ മാധ്യമ പ്രവർത്തകരെ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ സമ്മതിച്ചില്ല. പോലീസ് വെറും നോക്കുകുത്തികളായി മാറുകയായിരുന്നു എന്ന് നാട്ടുകാരും ആക്ഷേപിക്കുന്നു. വാഴൂർ കല്ലൂത്താഴെ രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശിവസുന്ദർ 
എന്ന ആനയാണ് ഇടഞ്ഞത്.


ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തടി പിടിക്കാനായി കൊണ്ടുവന്ന കൊടുങ്ങൂര്‍ സ്വദേശിയുടെ ആന ഇളങ്ങുളം നെയ്യാട്ടുശ്ശേരിയില്‍ ഇടഞ്ഞത്. വിവരമറിഞ്ഞ് നിരവധി നാട്ടുകാര്‍ പ്രദേശത്ത് ഒത്തുകൂടി. വൈകുന്നേരം അഞ്ചരയോടു കൂടി സംഭവസ്ഥലത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഒരു സംഘമാളുകളടെ കയ്യേറ്റ ശ്രമമുണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ പിടിച്ചെടുത്ത് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. 

ആന ഇടഞ്ഞോടിയ വഴികളില്‍ നശിപ്പിക്കപ്പെട്ട മതിലുകളുടേയും വൈദ്യുതി പോസ്റ്റിന്റെയും വാഹനങ്ങളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ ബലമായി നീക്കം ചെയ്യുകയും ചെയ്തു. വാര്‍ത്ത നല്‍കുകയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ബാക്കി അപ്പോള്‍ കാണിച്ചു തരാമെന്നു പറഞ്ഞ് കേട്ടാൽ അറക്കുന്ന അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ക്യാമറാപേഴ്‌സന്റെ ഫോണ്‍ നമ്പരും മേല്‍വിലാസവും ശേഖരിച്ച ശേഷമാണ് തടഞ്ഞു വെച്ച മാധ്യമപ്രവര്‍ത്തകരെ ആന ഉടമയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം പറഞ്ഞയച്ചത്. 

തുടര്‍ന്ന് ആറു മണിയോടെയാണ് രംഗം വഷളായത്. പറമ്പില്‍ നിലയുറപ്പിച്ചിരുന്ന ആന റോഡിലേക്ക് ഇറങ്ങിയോടി. കൂടുതല്‍ വാഹനങ്ങളും വൈദ്യുതി പോസ്റ്റുകളും നശിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ഗുണ്ടാസംഘത്തിന്റെ ഭീഷണി ഉണ്ടായതായി ആരോപണമുണ്ട്. പത്തു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയ ആനയെ ഇന്ന് രാവിലെ 9 മണിയോടെയാണ് തളച്ചത്.

ആന ഇതിനിടയിൽ 2 വൈദ്യുത പോസ്റ്റുകളും ഒരു പാസഞ്ചർ ഓട്ടോറിക്ഷയും , രണ്ട് ബൈക്കുകളും തകർത്തു മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച നടപടിയിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.