പാലായിലെ ചന്ദനവേട്ട. ഒരാള്‍ കൂടി പിടിയില്‍


പാലായില്‍ നിന്നും ചന്ദന തടിക്കഷണങ്ങള്‍ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മറയൂര്‍, കടുകുമാട്ടില്‍, അനൂപിനെയാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പാലാ സ്വദേശി ജോസി ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.


പാലാ ഇഞ്ചക്കാവ് ഭാഗത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടിക്കഷണങ്ങള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പിടിച്ചെടുത്തിരുന്നു. വെള്ളനാമറ്റത്തില്‍ ജോസി ജോസഫ് എന്നയാളുടെ കോഴിഫാമില്‍ നിന്നാണ് 15 കിലോയോളം വരുന്ന ചന്ദനത്തടിക്കഷണങ്ങള്‍ പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് eജാസി ജോസഫിനെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.


ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  മറയൂര്‍ സ്വദേശിയായ കടുകുമാട്ടില്‍, അനൂപിനെ വനപാലകര്‍ അറസ്റ്റ് ചെയ്തത്. ജോസിയ്ക്ക് ചന്ദനത്തടികള്‍ എത്തിച്ച് നല്‍കിയിരുന്നത് അനൂപാണന്ന് വനപാലകര്‍ പറഞ്ഞു. മറയൂരില്‍ ഹോം സ്റ്റേ നടത്തി വരികയാണ് ഇയാള്‍. മറയൂര്‍ ,ചെട്ടി മൂന്നാര്‍, ചെക്ക് പോസ്റ്റില്‍ വച്ചാണ് അവിടുത്തെ കൂടി വനപാലകരുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്.

വനപാലകര്‍ പരിശോധന നടത്തുമ്പോള്‍ ബിജുവും മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചന്ദനം എത്തിക്കാന്‍ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന അനൂപിന്റെ കാറും പിടിച്ചെടുത്തു. 


സംഭവത്തില്‍ ഇനിയും കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും, അവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണന്നും വനപാലകര്‍ അറിയിച്ചു.