ജോസഫ് വിഭാഗത്തില്‍ പുതിയ പോര്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം കിട്ടാത്തതിന് പിണങ്ങി സജി മഞ്ഞക്കടമ്പില്‍


കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പുതിയ പ്രതിസന്ധി. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിച്ചു. ഇന്നു പാലായില്‍ സംഘടിപ്പിച്ച സിഎഫ് തോമസ് അനുസ്മരത്തില്‍ നിന്നും സജിയും പ്രവര്‍ത്തകരും വിട്ടു നിന്നു.


പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ നിലപാടുകള്‍ക്കെതിരെ സജി മഞ്ഞക്കടമ്പില്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നത് സംബന്ദിച്ച് മീനച്ചില്‍ന്യൂസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ജന്‍മദിന സമ്മേളനത്തില്‍ നിന്നുപോലും വിട്ടുനിന്നായിരുന്നു സജിയുടെ പ്രതിഷേധം. ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവായിരുന്ന സി.എഫ് തോമസിന്റെ അനുസ്മരണപരിപാടിയില്‍ പോലും പങ്കെടുക്കാതെയാണ് ഇന്നത്തെ പ്രതിഷേധം. ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പന്റെ നിര്‍ദേശാനുസരണമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. എന്നാല്‍ ജില്ലാ യുഡിഎഫ് പുനസംഘടനയില്‍ തന്നെ ഒഴിവാക്കിയതറിഞ്ഞതോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍ പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അറിയിക്കുകയായിരുന്നു. പരിപാടിയില്‍ മുഖ്യപ്രഭാഷണവും പാര്‍ട്ടിയിലേക്ക് വന്ന പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതും ജില്ലാ പ്രസിഡന്റ് ആയിരുന്നു. 


നേരത്തെ പൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍പരിപാടികളില്‍ നിന്നും വിട്ടു നിന്ന സജിയെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാക്കിയാണ് അനുനയിപ്പിച്ചത്.