കുറവിലങ്ങാട്: മരങ്ങാട്ടുപള്ളിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് സ്റ്റേഷന് ഓഫീസ് നിര്‍ത്തലാക്കാനുള്ള റബ്ബര്‍ ബോര്‍ഡിന്റെ നടപടി ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ്. എം.എല്‍.എ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ കുറവാണന്ന കാരണം പറഞ്ഞ് ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കം തികഞ്ഞ കര്‍ഷക ദ്രോഹമാണ്. മരങ്ങാട്ടുപള്ളി ഓഫീസിന്റെ കീഴില്‍ 3500 റബ്ബര്‍ കര്‍ഷകര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇതല്ലാതെ റബ്ബര്‍ കൃഷിക്കാര്ക്കുകൂടി ഉല്പ്പെടുമ്പോള് ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് മരങ്ങാട്ടുപള്ളി ഓഫീസിന്റെ പ്രയോജനം ലഭിച്ചിരുന്നത്.
ഉഴവൂര്‍, കടപ്ലാമറ്റം, കിടങ്ങൂര്‍, മരങ്ങാട്ടുപള്ളി എന്നീ നാല് പഞ്ചായത്തുകളുടെ കീഴില്‍ വരുന്ന 18 റബ്ബര്‍ ഉല്‍പ്പാദക സംഘങ്ങള്‍ ഈ ഓഫീസിന്റ കീഴില്‍ വരുന്നതാണ്. ഇവിടെയെല്ലാമുള്ള റബ്ബര്‍ കൃഷിക്കാര്‍ക്ക് നേരിട്ട് പ്രയോജനം ലഭിച്ചിരുന്ന മരങ്ങാട്ടുപള്ളി ഓഫീസ് ഇല്ലാതാകുന്നതോടെ കൃഷിക്കാര്‍ക്ക് ലഭിച്ചിരുന്ന വിവിധ തരത്തിലുള്ള സേവനങ്ങളും, ആനുകൂല്യങ്ങളുമാണ് നഷ്ടപ്പെടുന്നതെന്ന് മോൻസ് ജോസഫ് എം.എല്‍.എ കുറ്റപ്പെടുത്തി.
റബ്ബര്‍ ബോര്‍ഡിന്റെ കര്‍ഷക ദ്രോഹ നീക്കം ഉപേക്ഷിക്കണമെന്നും മരങ്ങാട്ടുപള്ളിയില്‍ റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് സ്റ്റേഷന് ഓഫീസ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മോൻസ് ജോസഫ് എം.എല്‍.എ റബ്ബര്‍ ബോര്‍ഡ് സി.ഇ.ഒ ഡോ.രാഘവന് ഉള്‍പ്പടെയുള്ള ഉന്നത അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.