ജനപക്ഷത്തിനും എംഎല്‍എയ്ക്കുമെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക്


യുഡിഎഫ് പ്രവേശനത്തിന് പിസി ജോര്‍ജ്ജ് എംഎല്‍എ തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ  ജോര്‍ജ്ജിനെതിരെ പ്രമേയവുമായി വീണ്ടും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം.  എംഎല്‍എയുടെ ജനപക്ഷം പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവും ഉണ്ടാവില്ലെന്ന് യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചതായി പ്രമേയത്തില്‍ പറയുന്നു.  കോട്ടയം ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പിന്റെയും ആന്റോ ആന്റണി എംപിയുടെയും സാന്നിധ്യത്തില്‍ പിണ്ണാക്കനാട് നടന്ന കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് നേതൃയോഗമാണ് പി സി ജോര്‍ജിന്റെ യു ഡി എഫ് സഹകരണ നിലപാട് തള്ളി ജോര്‍ജിനെതിരെ പ്രമേയം പാസാക്കിയത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളുള്ള കക്ഷിയായി യുഡിഎഫ് മാറി. മുന്നണിയേയും നേതാക്കളെയും സമൂഹമാധ്യമത്തില്‍ ആക്ഷേപിച്ചും അപവാദ പ്രചരണം നടത്തിയും എല്‍ഡിഎഫിനെ സഹായിച്ച എംഎല്‍എ  പൊതുസമൂഹത്തിന് അപവാദമാണെന്ന് പ്രമേയത്തില്‍ പറയുന്നു. 


ഒരു മുന്നണിയ്ക്കും വേണ്ടാത്ത ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസിലേയ്ക്ക് അടക്കം കൊഴിഞ്ഞുപോവുകയാണ്. ഇത് തടയുവാന്‍ കഴിയാത്തതിനാല്‍ യുഡിഎഫില്‍ അഭയം പ്രാപിക്കാനാണ് എംഎല്‍എ ശ്രമിക്കുന്നത്. യുഡിഎഫ് ഇതിന് തയാറാകാതെ വന്നപ്പോള്‍ യുഡിഎഫുമായി സഹകരിക്കുമെന്ന എംഎല്‍എയുടെ പ്രസ്താവന യോഗം തള്ളിക്കളയുന്നതായും നേതാക്കള്‍ പറഞ്ഞു. 
പരാജയഭീതി പൂണ്ട ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍, തങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് എന്ന് വാര്‍ഡുകളില്‍ പ്രചാരണം നടത്തുകയാണ്. യുഡിഎഫിന് പൂഞ്ഞാര്‍ ബ്ലോക്കില്‍ എല്ലാ വാര്‍ഡുകളിലും ജനസമ്മതരായി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവും. എംഎല്‍എയുടെ യുഡിഎഫുമായി ഒരു തരത്തിലുമുള്ള ബന്ധം പാടില്ലെന്നും യോഗം തീരുമാനിച്ചു.