ഇന്ന് ലോക തപാല്‍ദിനം, ആധുനിക കാലത്തിനൊപ്പം പോസ്റ്റ് ഓഫീസുകളും
ഇന്റര്‍നെറ്റ് വളരെ വ്യാപകമായി ഉപയോഗിക്കുന്ന ആധുനീക കാലഘട്ടത്തില്‍ പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമായി നിലകൊള്ളുന്നു. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരമാണ് ഇന്നേ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്.

.കത്തിടപാടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ വന്നപ്പോള്‍ തപാല്‍ വകുപ്പ് ജനങ്ങളുടെ ദൈനംദിന ജീവിതമായി ബന്ധപ്പെട്ട നിരവധി മേഖലകളിലേയ്ക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചു. ചെറുതും വലുതുമായ നിക്ഷേപ പദ്ധതികള്‍, ഇന്‍ഷ്വറന്‍സ് സ്‌കീമുകള്‍, പെന്‍ഷന്‍ പദ്ധതികള്‍, ആധാര്‍ സേവങ്ങള്‍, പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ ഗോള്‍ഡ് ബോണ്ടുകള്‍, സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കുന്ന മൈസ്റ്റാമ്പ് പദ്ധതി, പരസ്യ പ്രചാരങ്ങള്‍ക്കുള്ള ഡയറക്ട് പോസ്റ്റ്, മീഡിയ പോസ്റ്റ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ക്ക് പുറമെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ കാല്‍വയ്പ്പാണ്.

.മാറുന്ന ലോകത്തിനനുസരിച്ച് തപാല്‍ വകുപ്പും ഹൈടെക് ആയി മാറി കഴിഞ്ഞിരിക്കുകയാണ്. കോവിഡ് കാലത്ത് തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് കേരളത്തിലടക്കം പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

 .


ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്നതിന് പുറമെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടില്‍ നിന്നും പോസ്റ്റ്മാന്‍ പണം വീടുകളിലെത്തി പിന്‍വലിച്ചു നല്‍കുന്ന എ.ഇ.പി.എസ്. സംവിധാനം സാധാരണക്കാര്‍ക്ക് കോവിഡ് കാലത്ത് ബാങ്കുകളിലും എ.റ്റി.എം. കൗണ്ടറുകളിലും പോയി ക്യൂനില്‍ക്കാതെ വീട്ടിലിരുന്നു തന്നെ പണം പിന്‍വലിക്കാന്‍ സാധിച്ചത് ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്രദമായി.

.കൂടുതല്‍ ജനങ്ങളിലേയ്ക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അക്ഷയ കേന്ദ്രങ്ങളിലും, ജനസേവന കേന്ദ്രങ്ങല്‍ലുമെല്ലാം ലഭിക്കുന്ന മിക്ക സേവനങ്ങളും ലഭിക്കുന്ന കോമണ്‍ സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തനം കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ആരംഭിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ തിരഞ്ഞെടുത്ത സബ് പോസ്റ്റ് ഓഫീസുകളിലേയ്ക്കു കൂടി ഈ സേവനം വ്യാപിപ്പിക്കും.