മല്‍സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ്.

കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് എം മല്‍സരിച്ച സീറ്റുകള്‍ മുഴുവനും വേണമെന്നാണ് ആവശ്യം. ഇക്കാര്യം യുഡിഎഫില്‍ ഉന്നയിക്കും. കേരള കോണ്‍ഗ്രസ് വികാരമുള്ള മേഖലയിലെല്ലാം തന്റെ പാര്‍ട്ടി വിജയിക്കുമെന്നും ജോസഫ് പറഞ്ഞു.

പാല ഉപതെരഞ്ഞെപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നെന്നും പി ജെ ജോസഫ് പറഞ്ഞു. 

 കേരള കോൺഗ്രസിൻ്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. സ്റ്റാറ്റസ്കോ നിലനിർത്തണം. 
വിജയസാധ്യത പരിഗണിച്ച് സീറ്റ്  വച്ച് മാറ്റത്തിന് തയ്യാറെന്ന പറഞ്ഞ ജോസഫ് 
നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ലന്നും വ്യക്തമാക്കി. 

കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഏറെയും ജോസ് കെ മാണിയെ കൈവിട്ടു. അവരെല്ലാം തന്നോടൊപ്പമാണ്. ഇല്ലാത്ത കുറ്റം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസ് കെ മാണിക്ക് ഒപ്പമുള്ളതെന്ന് പി ജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ളത് കൊതുമ്പുവള്ളം മാത്രമാണെന്ന് ജോസഫ് പരിഹസിച്ചു. അത് ദിശാബോധമില്ലാതെ ഒഴുകി നടക്കുകയാണ്. അത് പാലായിലെത്തിയാലും രക്ഷപ്പെടില്ലെന്ന് ജോസഫ് പറഞ്ഞു. റോഷി അഗസ്റ്റിന്‍ എംഎല്‍എ ജോസ് കെ മാണിയുടെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ മല്‍സരിച്ച എല്ലാ സീറ്റും വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കില്ല എന്നാണ് സൂചന. ഇക്കാര്യത്തില്‍ തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ച നടക്കും.  പരമാവധി എട്ടോ പത്തോ സീറ്റുകള്‍ നല്‍കുന്ന കാര്യമാണ് ആലോചിക്കുന്നത്.