പോലീസുകാര്‍ക്കുനേരെ അക്രമം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും


ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ എസ്‌ഐയ്ക്കും പോലീസുകാര്‍ക്കും നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട്  പോലീസ് കസ്റ്റഡിയിലെടുത്തയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെക്കേക്കര സ്വദേശി എട്ടുപങ്കില്‍ സുനീര്‍ പരീക്കുട്ടിയെ ആണ് കസ്റ്റഡിയില്‍ എടുത്തത്. 


തിങ്കളാഴ്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവമുണ്ടായത്. മാസ്‌ക് ധരിക്കാതിരുന്ന സംഘത്തെ പോലീസ് ചോദ്യം ചെയ്യുകയും സ്‌റ്റേഷനിലേയ്ക്ക് വരാന്‍ ആവശ്യപ്പടുകയും ചെയ്തു. എന്നാല്‍ സ്വന്തം വാഹനത്തിലേ വരു എന്നായി യുവാക്കള്‍. വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് തടഞ്ഞതോടെ  സംഘം പോലീസിനോട് തട്ടിക്കയറുകയായിരുന്നു. 


ഉന്തും തള്ളുമുണ്ടായതോടെ നിലത്തുവീണ് എസ് അനുരാജിനും സിവില്‍ പോലീസ് ഓഫീസര്‍ ജസ്റ്റിന്‍ ജോസഫിനും പരിക്കേറ്റു.  സുനീറിനെതിരെ പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് സുനീര്‍. 


ഇയാളുടെ കൂട്ടാളികളായ മൂന്നു പേര്‍ ഓടി രക്ഷപെട്ടു. സുബീഷ് കൈതക്കാട്ടില്‍, മുജീബ്, ഷാനവാസ് എന്നിവരാണ് ഓടി രക്ഷപെട്ടത്. ചെക്കു കേസടക്കം നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയാണ് സുബീഷ്.