ഈരാറ്റുപേട്ട നഗരസഭയുടെ പുതിയ ബഹുനില ഓഫിസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭാധ്യക്ഷന്‍ നിസാര്‍ കുര്‍ബാനി നിര്‍വഹിച്ചു. ഉപാധ്യക്ഷ ബള്‍ക്കീസ് നവാസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നദീര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. ബീമാ നാസര്‍, പി.എച്ച്. ഹസീബ്, വി.കെ. കബീര്‍, ലൈലാ പരീത്, മുഹമ്മദ് ഇല്യാസ്, എ.എം.എ. ഖാദര്‍ തുടങ്ങയവര്‍ പങ്കെടുത്തു.
ഈരാറ്റുപേട്ട പഞ്ചായത്തായിരുന്നപ്പോഴത്തെ ഓഫിസാണു നഗരസഭാ കാര്യാലയമായി മാറിയത്. നഗരസഭയായപ്പോള്‍ കൗണ്‍സില്‍ ഹാള്‍, ചെയര്മാന്, വൈസ് ചെയര്‍പഴ്സന്‍, സെക്രട്ടറി തുടങ്ങിയ ഓഫിസുകള്‍ എന്നിവ പണിതു. പാര്‍ക്കു ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത് റോഡിലാണ്. ഇത് ഗതാഗത തടസത്തിന് കാരണമായിരുന്നു.
പഴയ കെട്ടിടമായതിനാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തതയും ഉണ്ടായിരുന്നു. നഗരസഭയുടെ ആധുനിക അറവുശാല പ്രവര്‍ത്തിച്ചിരുന്ന 21ാം വാര്‍ഡ് തടവനാലാണു പുതിയ ഓഫീസ് സമുച്ചയം വരുന്നത്. ഇവിടെ 30 സെന്റ് സ്ഥലമാണു നഗരസഭയ്ക്കുള്ളത്. പഞ്ചായത്തായിരുന്ന കാലത്ത് നിര്‍മിച്ച അറവുശാല വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല.
കിഫ്ബി ഫണ്ടുപയോഗിച്ച് 8.50 കോടി രൂപ ചിലവിലാണ് ഓഫീസ് സമുച്ചയം നിര്‍മിക്കുന്നത്. ഇംപാക്ട് കേരളയ്ക്കാണു നിര്‍മാണച്ചുമതല. നാല് നിലകളില്‍ 24900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഓഫീസ്. താഴത്തെ നില പൂര്‍ണമായും പാര്‍ക്കിങും മറ്റ് നിലകളില്‍ ഓഫിസുകളും പ്രവര്‍ത്തിക്കും. ഏറ്റവും ജനസാന്ദ്രതയുള്ള ഈരാറ്റുപേട്ടയിലെ പുതിയ ഓഫിസിലെത്തുന്നവര്ക്കു കാര്യങ്ങള്‍ സാധിച്ചു തിരക്കുമില്ലാതെ പോകാന്‍ സാധിക്കും. തിരക്കു കുറവായ ഭാഗമായതിനാലും ഓഫിസിലേക്കെത്താന്‍ പല വഴികള്‍ ഉള്ളതിനാലും റോഡിലെ തിരക്ക് ഒഴിവാക്കാനാകും.