ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണം - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലേയും ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയമായ പൊതു ആരോഗ്യ കേന്ദ്രമായ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനത്തിലൂടെ സംസ്ഥാന ഗവണ്മെന്റിനോടും, ആരോഗ്യ മന്ത്രിയോടും അഭ്യർത്ഥിച്ചു.  

 


ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം ആരോഗ്യ മന്ത്രിയ്ക്ക് കൈമാറി.  ആരോഗ്യ മേഖല കൂടുതൽ വെല്ലുവിളികൾ നേരിടുകയും പൊതു ആരോഗ്യ മേഖലയുടെ പ്രസക്തി വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്നത് ആശുപത്രിയുടെ പദവി ഉയർത്തലും അതുവഴി ജനറൽ മെഡിസിൻ, ഗൈനക്കോളജി, സർജറി വിഭാഗം, ശിശു രോഗ വിഭാഗം, ഒഫ്ത്താൽമോളജി, ഡെന്റൽ രോഗ വിഭാഗം, അസ്ഥി രോഗ വിഭാഗം, വൃക്ക രോഗ വിഭാഗം, ഡയാലിസിസ് വിഭാഗവും ഉൾപ്പെടെ സ്പെഷ്യാലിറ്റി  സൗകര്യങ്ങൾ അടിയന്തിരാവശ്യങ്ങളാണ്.  

 


ഇത് സംബന്ധമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.