ചെയര്‍മാനെതിരെ ഹസീബ്. തമ്മിലടിപ്പിക്കുന്നയാളെന്ന് ചെയര്‍മാന്‍

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രിയെ കണ്ട ചെയര്‍മാനെതിരെ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എച്ച് ഹസീബ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ നാടകം മാത്രമാണിതെന്ന് ഹസീബ് ആരോപിച്ചു. അതേസമയം, വിവാദമുണ്ടാക്കാനും ആളുകളെ തമ്മിലടിപ്പിക്കാനും മാത്രമെ ഹസീബിനറിയൂ എന്ന് ചെയര്‍മാന്‍ പ്രതികരിച്ചു. 


ആരോഗ്യകാര്യ ചെയര്‍മാനായ തന്നെ അറിയിക്കാതെ പോയെന്നതാണ് ഹസീബിനെ ചൊടിപ്പിച്ചത്. നേരത്തെ തന്നെ എംഎല്‍എയും താനും പങ്കെടുത്ത ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ നഗരസഭയില്‍ നിന്നും മാറാന്‍പോലും സമയമില്ലെന്നിരിക്കെ തിരുവന്തപുരത്തിന് പോയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. 


ഭരണം തീരാന്‍ 20 ദിവസം കൂടി മാത്രം ബാക്കിനില്‍ക്കെ ഇതൊരു തെരഞ്ഞെടുപ്പ് നാടകം മാത്രമാണ്. മുന്‍ ചെയര്‍മാന്‍ സിറാജ് ഫേസ്ബുക്ക് ജീവിയായിരുന്നു. ഇപ്പോഴത്തെ ചെയര്‍മാന്‍ ഒരു പടികൂടി കടന്ന് തിരുവനന്തപുരം രാഷ്ട്രീയമാണ് കളിക്കുന്നത്. നഗരസഭയ്ക്ക് സ്വന്തമായി വാഹനം ഉണ്ടായിരിക്കെ ഇന്നോവ വാടകയ്‌ക്കെടുത്ത് ഓടിക്കുകയാണ്. കോവിഡ് മൂലം പണമില്ലാതിരിക്കെയാണ് ഈ ധൂര്‍ത്ത്. നഗരസഭയില്‍ നിന്നും ഇതിനുള്ള ചെലവ് എഴുതിയെടുക്കാന്‍ അനുവദിക്കില്ലെന്നും ഹസീബ് പറഞ്ഞു. 


അതേസമയം, ഹസീബിന്റെത് അല്‍പത്തരമാണെന്ന് ചെയര്‍മാന്‍ പ്രതികരിച്ചു. കോവിഡ് മീറ്റിംഗുകളില്‍പോലും താമസിച്ചെത്തി ബഹളംവെച്ച് പോവുകയാണ് പതിവ്. പിസി ജോര്‍ജ്ജിന്റെ വലംകൈയായി നടന്നയാള്‍ പെട്ടെന്നൊരു ദിവസം സിപിഐയില്‍ ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഹസീബിന്റെ ആരോപണങ്ങളെ പുച്ഛിച്ചുതള്ളുന്നു. വിവാദം ഉണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുംമാത്രമാണ് ഹസീബിന് സമയം. 


വാഹനം സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വാടക സ്വന്തം കൈയില്‍ നിന്നാണ് കൊടുക്കുന്നത്. നഗരസഭയുടെ വാഹനം തകരാറിലാണ്. സ്റ്റിയറിംഗ് തകരാറിലായ വാഹനം ഇന്‍ഷുറന്‍സില്‍പെടുത്തി മെയിന്റനന്‍സിനായി മാറ്റിയിട്ടിരിക്കുകയാണെന്നും കുര്‍ബാനി വ്യക്തമാക്കി.