നഗരസഭ പറഞ്ഞിട്ടും അടച്ചില്ല. ആരോഗ്യവകുപ്പ് നടപടി എടുക്കണമെന്ന് പോലീസ്നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും പാലാ ടൗണിലെ വസ്ത്രവ്യാപാരശാല തുറന്ന് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ നിര്‍ദേശം അവഗണിച്ച്. രാവിലെ തന്നെ സ്ഥാപനം അടച്ചിടാന്‍ നഗരസഭയില്‍ നിന്നും നിര്‍ദേശിച്ചിരുന്നതാണെന്ന് ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടെത് ആരോഗ്യവകുപ്പാണെന്നാണ് പോലീസ് അറിയിച്ചത്.സ്ഥാപനത്തില്‍ കോവിഡ് സ്ഥിരീകരിച്ചാലും ഉടനടി അടച്ചിടേണ്ട എന്ന സര്‍ക്കാര്‍ നയത്തിന്റെ മറവിലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുന്നത്. നൂറിലേറെ ജീവനക്കാരുള്ളതില്‍ പകുതിയില്‍ താഴെ ആളുകളേ ഇപ്പോള്‍ ഉള്ളൂവെന്നാണ് ഉടമ അധികൃതരെ അറിയിച്ചിട്ടുള്ളത്.കടകള്‍ അടപ്പിക്കാതെ കരുതല്‍ എടുക്കുക എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ഇവിടുത്തെ ചില ജീവനക്കാരെ ഇന്ന് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിട്ടുണ്ട്. പരിശോധനയ്ക്കു വിധേയരായവര്‍ വീട്ടിലേയ്ക്കു പോകണമെന്ന നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.ഇതിനിടെ കടയില്‍ ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചതും വിവാദമായി. തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ക്കു 30 മുതല്‍ 70 വരെ ശതമാനം കിഴിവെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ബാനര്‍ കെട്ടിവച്ചാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

കഴിഞ്ഞയിടെ വന്‍ ഓഫര്‍ പ്രഖ്യാപിച്ച് പൊന്‍കുന്നം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സസ് ഷോറൂം നടത്തിയ സെയിലും വിവാദത്തിലാവുകയും തുടര്‍ന്ന് കട അടപ്പിക്കുകയും ചെയ്തിരുന്നു.