പാലായിലെ ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


മീനച്ചില്‍ റിവര്‍വ്യൂ പാര്‍ക്ക്, ഗ്രീന്‍ ടൂറിസം കോംപ്ലെക്‌സ്, അനുബന്ധ നിര്‍മ്മിതികള്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിച്ചു. പാലാ നഗര ഹൃദയത്തില്‍ പാലാ പഴയ ബസ് സ്റ്റാന്റിന്റെ എതിര്‍ വശത്ത് മീനച്ചിലാറിനോട് ചേര്‍ന്നുള്ള ഗ്രീന്‍ ടൂറിസം കോംപ്ലെക്‌സാണ് പ്രധാന ആകര്‍ഷണം.  ഇവിടേയ്ക്കുള്ള പാലം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലാണ്.

അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് കിറ്റ്‌കോ ലിമിറ്റഡാണ്. പാരീസിലെ ലവ്‌റെ മ്യൂസിയത്തിന്റെ ആകൃതിയിലുള്ള ഗ്ലാസ് റൂഫോടു കൂടിയ ഭൂഗര്‍ഭ നിര്‍മ്മിതിയും ഇവിടെയുണ്ട്. തുറന്ന ലഘുഭക്ഷണശാല, ഓപ്പണ്‍ കോണ്‍ഫ്രന്‍സ് ഏരിയ, റിവര്‍വ്യൂയിംഗ് പ്ലാറ്റ്‌ഫോം, വൈദ്യുത ദീപാലങ്കാരം തുടങ്ങിയവയും പദ്ധതിയെ ആകര്‍ഷകമാക്കുന്നു. 


സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പ്രദേശവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സായാഹ്നം ചിലവൊഴിക്കാന്‍ സാധിക്കും വിധമാണ് ഈ വിശ്രമസങ്കേതം നിര്‍മ്മിച്ചിട്ടുള്ളത്.  കെ എം മാണിയുടെ കാലത്താണ് പദ്ധതിക്കു തുടക്കം കുറിച്ചത്. പിന്നീട് പദ്ധതിയുടെ പണികള്‍ ഇടയ്ക്കു തടസ്സപ്പെട്ടിരുന്നു. മാണി സി കാപ്പന്‍ എം എല്‍ എ ആയതിനു ശേഷം പണികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി സര്‍ക്യൂട്ടു മാതൃകയില്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി. പാലാ പ്രവേശന കവാടമായി വിഭാവനം ചെയ്തുകൊണ്ടാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.  മീനച്ചില്‍ താലൂക്കിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ കുളമാവിലും കുമിളിയിലും പദ്ധതിക്കു ആവശ്യമായ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. 


ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  മാണി സി കാപ്പന്‍ എം എല്‍ എ,   തോമസ് ചാഴികാടന്‍ എംപി, ജോസ് കെ മാണി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് തുടങ്ങിയവര്‍ സംബന്ധിച്ചു.