കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം പുതിയ ഒ.പി ബ്ലോക്കിന്റെ ശിലാ സ്ഥാപനം ആരോഗ്യ മന്ത്രി നിർവ്വഹിച്ചു.


പാലാ: കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന പുതിയ ഒ.പി  ബ്ലോക്ക് കെട്ടിട സമുച്ചയത്തിന്റെ ശിലാ സ്ഥാപന കർമ്മം സംസ്ഥാന ആരോഗ്യ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവ്വഹിച്ചു.

      അഡ്വ: മോൻസ് ജോസഫ് എം.എൽ.എയുടെ പരിശ്രമ ഫലമായി കേരള സർക്കാർ എൻ.എച്ച്.എം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.37 കോടി രൂപ വിനിയോഗിച്ച് കൊണ്ടാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.

     പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൂടല്ലൂർ ഗവ: ആശുപത്രിക്ക് ഇപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ വളരെ പരിമിതമാണ്. ഓരോ ദിവസവും കൂടുതൽ രോഗികൾ ചികിത്സയ്ക്ക് എത്തുന്ന കൂടല്ലൂർ ഗവ: ആശുപത്രിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ വികസന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് എം.എൽ.എ വ്യക്തമാക്കി.

     ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതിനെ തുടർന്ന് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി കെ.കെ ഷൈലജ ടീച്ചർ വ്യക്തമാക്കി. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി ബ്ലോക്ക് പൂർത്തീകരിക്കുന്നതിന് 3 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്ക്കരിക്കാൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു. എന്നാൽ പദ്ധതി പൂർണ്ണമായും നടപ്പാക്കാൻ ആവശ്യമായ സർക്കാർ സഹായം ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 63 ലക്ഷം രൂപ പദ്ധതി പൂർത്തീകരണത്തിന് വേണ്ടി അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. മെച്ചപ്പെട്ട ചികിത്സാ സൗകര്യം കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പരമാവധി സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്താൻ കഴിഞ്ഞതായി എം.എൽ.എ ചൂണ്ടിക്കാട്ടി.

     കൂടല്ലൂർ സെന്റ്: ജോസഫ് ദേവാലയത്തിന്റെ പാരിഷ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  കൊണ്ട് നടത്തിയ യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി, എൻ.എച്ച്.എം ജില്ലാ മാനേജർ ഡോ: വ്യാസ് സുകുമാരൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ജോമോൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബെറ്റി റോയി, ബ്ലോക്ക് മെമ്പർമാരായ ജോസ് തടത്തിൽ, ജ്യോതി ബാലകൃഷ്ണൻ, വാർഡ് മെമ്പർ ടീനാ മാളിയേക്കൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: സിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.