ജോസ് വിഭാഗത്തിനെതിരെ എന്‍ സി പി.


ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേയ്ക്ക് എത്താനുള്ള നീക്കങ്ങള്‍ക്കിടെ, എന്‍സിപി പ്രദേശിക ഘടകം പ്രത്യക്ഷ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങി. പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നല്‍കേണ്ടിവരുമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ട്. പാലാ സീറ്റ് മോഹിച്ച് ആരും വരേണ്ടെന്ന് ഇതിനോടകം രണ്ട് തവണ മാണി സി കാപ്പന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇടതു സര്‍ക്കാരിനെയും പാലാ എം എല്‍ എ മാണി സി കാപ്പനെയും നിരന്തരം ഇകഴ്ത്തുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ നടപടി അപഹാസ്യമാണെന്ന് എന്‍ സി പി ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. വസ്തുതകള്‍ അറിയാവുന്ന നഗരസഭാധ്യക്ഷ രാഷ്ട്രീയം കളിക്കുകയാണ്. മാണി സി കാപ്പന്‍ എം എല്‍ എ ആയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. അതിന് മുമ്പ് ആരായിരുന്നു എം എല്‍ എ എന്ന് ജോസ് വിഭാഗം മറക്കരുത്.നിര്‍മ്മാണ ചട്ടം പാലിക്കാതെയാണ് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി കെട്ടിടം പണികഴിച്ചത്. പ്രശ്‌നം ശ്രദ്ധയില്‍ വന്നപ്പോള്‍ പരിഹരിക്കാന്‍ എം എല്‍ എ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി. 40 ലക്ഷത്തോളം രൂപയും എം എല്‍ എ അനുവദിച്ചിട്ടുണ്ട്.


കളരിയാംമാക്കല്‍ പാലം കോടികള്‍ മുടക്കി പണി കഴിച്ചിട്ടു പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന് പാലായിലെ ജനങ്ങളോട് പറയണം.  അപ്രോച്ച് റോഡില്ലാതെയാണ് പാലം പണി കഴിച്ചത്.അരുണാപുരം ചെക്കു ഡാം കം ബ്രിഡ്ജ് തുടങ്ങിയപ്പോള്‍ തന്നെ മുടങ്ങി. അര്‍ഹമായ നഷ്ട പരിഹാരം നല്‍കിയിരുന്നുവെങ്കില്‍ പാലാ ബൈപ്പാസിലെ പ്രശ്‌നം നേരത്തെ പരിഹരിക്കാമായിരുന്നു. പാലാ ടൗണില്‍ മാര്‍ക്കറ്റ് റോഡില്‍ ഹൗസിംഗ് കോളനി സ്ഥാപിക്കാന്‍ ഏറ്റെടുത്ത സ്ഥലത്തിനെന്തു പറ്റിയെന്നു പറയണം. പാലാഴി ടയര്‍ കമ്പനി, സ്പിന്നിംഗ് മില്‍ എന്നിവയുടെ ഗതി എന്തായെന്നും വ്യക്തമാക്കണം.


പൊതുഖജനാവില്‍ നിന്നും കോടികള്‍ ചെലവൊഴിച്ച ശേഷം പാതി വഴിക്കു പദ്ധതികള്‍ നിലച്ചുപോകുന്നതില്‍ ദുരൂഹതയുണ്ട്. ഇടതു സര്‍ക്കാരിനെയും എം എല്‍ എയെയും നിരന്തരം അധിക്ഷേപിക്കുന്ന ജോസ് വിഭാഗത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ഉയര്‍ത്തി പാലാക്കാരെ കബളിപ്പിക്കാനാവില്ലെന്നും യോഗം പറഞ്ഞു.


പ്രസിഡന്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണന്‍നായര്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ജോസ് കുറ്റിയാനിമറ്റം, തോമസ് സ്രാമ്പിക്കല്‍, ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേല്‍, റോയി നാടുകാണി, സുബിന്‍ ഞാവള്ളില്‍, അപ്പച്ചന്‍ ചെമ്പന്‍കുളം, ഷിനോ മേലുകാവ് എന്നിവര്‍ പ്രസംഗിച്ചു.