കെ ആർ നാരായണൻ്റെ ജീവചരിത്രം ഇംഗ്ലീഷിൽ തയ്യാറാകുന്നു


പാലാ: രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നൽകിയ വാക്കുപാലിക്കാൻ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവചരിത്രം ഇംഗ്ലീഷിൽ പുറത്തിറക്കുന്നു. കെ ആർ നാരായണൻ ഫൗണ്ടേഷനാണ് ജീവചരിത്രം ഇംഗ്ലീഷിൽ പുറത്തിറക്കുന്നത്. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് തയ്യാറാക്കിയ 'കെ ആർ നാരായണൻ ഭാരതത്തിൻ്റെ സൂര്യതേജസ്' എന്ന ജീവചരിത്രത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷിൽ പുറത്തിറക്കുന്നത്.

കഴിഞ്ഞ വർഷം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ചപ്പോൾ മലയാളം ജീവചരിത്രം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. അന്ന് രാഷ്ട്രപതി പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചു ഫൗണ്ടേഷൻ ഭാരവാഹികളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് 'കെ ആർ നാരായണൻ റീഫുൾജൻ്റ് സൺ ഓഫ് ഇന്ത്യ' എന്ന പേരിൽ പരിഭാഷപ്പെടുത്തി പുറത്തിറക്കുന്നത്. പ്രശസ്ത വിവർത്തകൻ ജയശങ്കർമേനോനാണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. പാലായിലെ ബുക്ക് മീഡിയാ പബ്ളിക്കേഷൻസ് ആണ് പ്രസാധകർ. ഡോ വി ജെ സെബാസ്റ്റ്യൻ നരിവേലി, ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം തുടങ്ങിയവരും പദ്ധതിയുടെ വിജയത്തിനായി രംഗത്തുണ്ട്. പ്രകാശനം രാഷ്ട്രപതിയുടെ സമയം അനുസരിച്ചു നടത്താനാണ് തീരുമാനം. അടുത്ത മാസം പകുതിയോടെ അച്ചടി പൂർത്തിയാകും.

രാഷ്ട്രപതി ഭവനിൽനിന്നടക്കമുള്ള നിരവധി അപൂർവ്വ ചിത്രങ്ങൾ ജീവചരിത്ര പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കെ ആർ നാരായണൻ്റെ സഹോദരങ്ങളായ കെ ആർ ഗൗരി, കെ ആർ ഭാസ്ക്കരൻ, അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി കെ സി ജയരാജൻ, പ്രസ് സെക്രട്ടറി എസ് എൻ സാഹു, കെ ആർ നാരായണൻ്റെ തെരഞ്ഞെടുപ്പ് എതിരാളിയായിരുന്ന എ കെ ബാലൻ, കുടുംബ സുഹൃത്ത് ഉഴവൂർ വിജയൻ തുടങ്ങിയവരുടെ ഓർമ്മക്കുറിപ്പുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ ആർ നാരായണൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 15 വർഷമായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ജന്മശതാബ്ദി പ്രമാണിച്ചു ഫൗണ്ടേഷൻ തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ പുറത്തിറക്കിയ സ്റ്റാമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുറത്തിറക്കിയത്. 'ഉഴവൂരിൻ്റെ പുത്രൻ' എന്ന പേരിൽ കെ ആർ നാരായണനെക്കുറിച്ചു തയ്യാറാക്കിയ ഡോക്കുമെൻററിയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു. പിന്നീട് ദൂരദർശൻ ഈ ഡോക്കുമെൻററി സംപ്രേക്ഷണം ചെയ്തു. മുൻ രാഷ്പതിമാരായ ഡോ എ പി ജെ അബ്ദുൾ കലാം, പ്രതിഭാപാട്ടീൽ, പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തുടങ്ങിയവർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിവിധ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ജന്മശതാബ്ദി ആഘോഷങ്ങൾ ഒരു വർഷം കൂടി നീട്ടിവയ്ക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചു. ജന്മവാർഷിക ദിനമായ 27-നു പെരുന്താനത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഓൺലൈനിൽ അനുസ്മരണ സമ്മേളനവും നടത്തും. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.