ഊഹാപോഹങ്ങൾ മറുപടി അർഹിക്കുന്നില്ല: മാണി സി കാപ്പൻ

 


പാലാ: കേരളാ കോൺഗ്രസ് ജോസ് വിഭാഗം മുന്നണിയിൽ വരുന്നതിനെക്കുറിച്ചു ഇടതുമുന്നണിയിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്നു മാണി സി കാപ്പൻ എം എൽ എ ആവർത്തിച്ചു. പാലായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് വിഭാഗത്തിൻ്റെ വരവോ പാലാ സീറ്റ് സംബന്ധിച്ചോ ചർച്ച നടക്കാത്ത സാഹചര്യത്തിൽ ഇതേക്കുറിച്ചു നടക്കുന്ന ചർച്ചകൾക്കു പ്രസക്തിയി ല്ല. എൽ ഡി എഫിലെ ഘടകകക്ഷിയാണ് എൻ സി പി. മുന്നണി ഒറ്റക്കെട്ടാണ്. മുന്നണിയിൽ ചർച്ച ചെയ്യാതെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാറില്ല. മൂന്നു തവണ പരാജയപ്പെട്ടശേഷം ഇടതുമുന്നണി പ്രവർത്തകർ കഷ്ടപ്പെട്ടു നേടിയ സീറ്റാണ്. പാലായുടെ കാര്യത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഏറെ കരുതൽ കാണിക്കുന്നുണ്ട്. 

എൻ സി പി യുടേയും പാർട്ടി പ്രസിഡൻ്റ് ശരദ്പവാറിൻ്റെ തീരുമാനത്തിനൊപ്പം നിൽക്കും. പാലാ മാണി സാറിന് ഭാര്യ ആയിരുന്നുവെങ്കിൽ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ചു വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അത്തരം കാര്യങ്ങൾക്കും ആരെങ്കിലും പറയുന്ന ഊഹാപോഹങ്ങൾക്കും മറുപടി പറയേണ്ട ആവശ്യമില്ല. പാലായുടെ കാര്യങ്ങൾക്കായി 24 മണിക്കൂറും ഓടി നടക്കുകയാണ്.