മാണി സി കാപ്പൻ എം എൽ എയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു വർഷം
പാലാ: മാണി സി കാപ്പൻ എം എൽ എ ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് നാളെ
 ഒരു വർഷം തികയുന്നു. കെ എം മാണിയുടെ നിര്യാണത്തെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മാണി സി കാപ്പൻ അട്ടിമറി ജയം നേടിയത്. പാലായുടെ ചരിത്രത്തിലാദ്യമായിട്ടാണ് കെ എം മാണി അല്ലാത്ത മറ്റൊരാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

  കെ എം മാണിയുടെ നിര്യാണത്തിനു ശേഷം അഞ്ചാം മാസം നടന്ന തെരഞ്ഞെടുപ്പിലാണ് 2913 വോട്ടിൻ്റെ ഭൂരിപക്ഷ ൽ വിജയിച്ചത്. അതിനു മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലാമണ്ഡലത്തിൽ വി എൻ വാസവൻ 33000 വോട്ടിനു പിന്നിൽ പോയിരുന്നു.

.മൂന്നു തവണ പാലാ മണ്ഡലത്തിൽ പരാജയപ്പെട്ട ശേഷം നാലാമങ്കത്തിലാണ് മാണി സി കാപ്പൻ വിജയിച്ചത്. കെ എം മാണിയുടെ ഭൂരിപക്ഷം 25000 ആയിരുന്നത് ഓരോ തെരഞ്ഞെടുപ്പിലും 7000, 5000, 4000 എന്നിങ്ങനെ താഴ്ത്തിക്കൊണ്ടു വന്നു.

മാണി സി കാപ്പൻ വിജയിച്ചാൽ മണ്ഡലത്തിൽ കാണില്ലെന്ന എതിരാളികളുടെ പ്രചാരണത്തിൻ്റെ മുനയൊടിച്ചു കൊണ്ട് പാലാമണ്ഡലത്തിലുടനീളം സജീവ സാന്നിദ്ധ്യമായി മാണി സി കാപ്പൻ മാറി. എം എൽ എ യെ നേരിട്ടു കാണേണ്ടതൊഴികെയുള്ള ഏതൊരാവശ്യത്തിനും വേണ്ടി പാലായിൽ എം എൽ എ ഓഫീസ് തുറന്നു കൊണ്ടായിരുന്നു തുടക്കം. ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി 6 പേരെ ചുമതലപ്പെടുത്തി. എല്ലാ ചൊവ്വാ, ബുധൻ ദിവസങ്ങളിലും തിരുവനന്തപുരത്ത് ചെന്നു പാലായ്ക്കു ആവശ്യമായ കാര്യങ്ങൾ നടത്തുന്ന കീഴ് വഴക്കം സൃഷ്ടിച്ചു.

.ഒരു വർഷം കൊണ്ട് 400 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാലായ്ക്ക് വേണ്ടി നേടിയെടുത്തത്. മുടങ്ങിക്കിടന്ന നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ നടപടിയെടുത്തു. അനാവശ്യമായി ഏറെ പഴികേട്ട പാലാ ബൈപാസിൻ്റെ പൂർത്തീകരണത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തി പുതുതായി 9.57 കോടി രൂപ അനുവദിച്ചു. നഷ്ടപരിഹാരം നൽകുന്നതിൽ പക്ഷപാതിത്വം കാണിച്ചുവെന്നു കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിച്ചതിനെത്തുടർന്നായിരുന്നു പൂർത്തീകരണം മുടങ്ങിയത്. വർഷങ്ങളോളം നടപടി ഇല്ലാതെ കിടന്ന വിഷയം ഉടമകളുമായി സംസാരിച്ചു പരിഹരിക്കുകയായിരുന്നു.

കെടുകാര്യസ്ഥതമൂലം പൂട്ടിപ്പോയ മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻ്റ് പ്രോസസിംഗ് സൊസൈറ്റി കൺസോർഷ്യം രൂപീകരിച്ചു തുറന്നുകൊടുത്തു.

.ആയിരക്കണക്കിന് കർഷകരുടെ വർഷങ്ങളായുള്ള പരാതിയായിരുന്ന തോട്ടം പുരയിടം പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കി. റീസർവ്വേയിൽ തെറ്റായി തോട്ടമെന്നു രേഖപ്പെടുത്തിയ സ്ഥലങ്ങൾ 1965 മുമ്പ് സർക്കാർ രേഖപ്രകാരം തിരുത്തി നൽകാൻ അദാലത്ത് സംഘടിപ്പിച്ചു.

വർഷങ്ങൾക്കു മുമ്പ് പാലം മാത്രമായി പണി കഴിച്ച കളരിയാമ്മാങ്കൽ പാലം അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. നിലച്ചുപോയ അരുണാപുരം ചെക്കു ഡാം കം ബ്രിഡ്ജ് പണി പുന:രാരംഭിക്കാൻ 20.17 അനുവദിപ്പിച്ചു. പാലാ ജനറൽ ആശുപത്രിയിൽ അടിയന്തിര വികസന പ്രവർത്തനങ്ങൾക്കായി 65 ലക്ഷം രൂപ അനുവദിച്ചു.

.കുടിവെള്ളം, റോഡ്, വിദ്യാഭ്യാസ, ആരോഗ്യമേഖലകൾക്കു എം എൽ എ ഫണ്ടിൽ മുൻഗണന നൽകി. മലങ്കര ഡാമിൽ നിന്നും വെള്ളമെത്തിക്കുന്ന രാമപുരം കുടിവെള്ള പദ്ധതി ആവിഷ്ക്കരിച്ചു. 150 കോടിയുടെ ഈ പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാവുന്നതോടെ രാമപുരം, കടനാട്, മേലുകാവ്, കരൂർ, ഭരണങ്ങാനം, മൂന്നിലവ് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകും. എലിക്കുളത്ത് കുടിവെളളമെത്തിക്കുന്ന കരിമ്പുകയം പദ്ധതിക്കു 22 കോടി രൂപ അനുവദിച്ചു. മൂന്നിലവ് ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജിന് 3 കോടി രൂപ മാറ്റിവച്ചു.

സമ്മേളനങ്ങൾക്കും മറ്റും എത്തുമ്പോൾ നൽകുന്ന പൂച്ചെണ്ടുകളും ഷാളുകളും ഒഴിവാക്കി പേന, ബുക്ക് തുടങ്ങിയവ വാങ്ങി നിർധനരായ വിദ്യാർത്ഥികൾക്കു നൽകുന്ന പദ്ധതി ഏറെ പ്രശംസ നേടി. സാർ വിളി ഒഴിവാക്കാൻ അഭ്യർത്ഥന നടത്തി ജനകീയനായി.

.വീടും സ്ഥലം ഇല്ലാത്തതിനാൽ കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിക്കുന്ന രണ്ട് കുടുംബങ്ങൾക്കു വീടു വയ്ക്കാൻ മൂന്ന് സെൻ്റ് വീതം സ്ഥലം സൗജന്യമായി നൽകി.

കോവിഡ് പ്രതിസന്ധിയിൽ ആദ്യം മുതൽ മണ്ഡലത്തിൽ സജീവ പ്രവർത്തനം നടത്തുന്ന മാണി സി കാപ്പൻ സത്യപ്രതിജ്ഞയുടെ ഒന്നാം വാർഷികത്തിൽ അഗതികൾക്കൊപ്പമാണ് ചെലവൊഴിക്കുന്നത്.