കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ 100% വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും എ+ നേടിയ മുഴുവൻ വിദ്യാർഥികൾക്കും കൂടാതെ ജില്ലാ വിദ്യാഭ്യാസ വകുപ്പിനും അവാർഡ് നൽകുന്നു. ഇതുകൂടാതെ ജില്ലയിൽ ഈ വർഷം പൊതു പരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന ബി.പി.എൽ വിഭാഗത്തിൽ പെട്ട തെരഞ്ഞെടുത്ത 440 വിദ്യാർഥികൾക്ക് ദേവികാ സാന്ത്വനം പദ്ധതി പ്രകാരം ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നു.
ലാപ്ടോപ് വിതരണത്തിന്റെയും അവാർഡ് ദാനത്തിന്റെയും ഉദ്ഘാടന ചടങ്ങ് 30-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അവാർഡ് വിതരണം നടത്തും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാഗി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ്, മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി സിജു തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല വി. ആർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ പ്രസാദ് കെ.ജെ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിൽ 100% വിജയം കൈവരിച്ച ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകൾക്കും, എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ജില്ലയിലെ മൂവായിരത്തിലേറെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി കുട്ടികൾക്കുമാണ് അവാർഡുകൾ നൽകുക. വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ അതാത് സ്കൂളുകളിൽ എത്തിച്ചു നൽകും. സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പിനുമുള്ള അവാർഡുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ലാപ്ടോപ്പ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ചടങ്ങിൽ നടത്തുകയും തുടർന്ന് ലാപ്ടോപ്പുകൾ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യും. ലാപ്ടോപ്പ് വിതരണത്തിന് ഒരു കോടി രൂപ വകയിരുത്തിയാണ് ദേവിക സാന്ത്വനം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
0 Comments