കിടങ്ങൂർ എൻജിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റലിൻ്റെ ഉദ്ഘാടനം

 


കേരള സർക്കാർ സ്ഥാപനമായ കോപ്പറേറ്റീവ് അക്കാദമി ഓഫ്  പ്രൊഫഷണൽ എഡ്യൂക്കേഷനു കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ എൻജിനീയറിംഗ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക നിലവാരത്തിലുള്ള വനിതാ ഹോസ്റ്റലിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സഹകരണമേഖല വിലപ്പെട്ട സംഭാവനയാണ് നൽകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

 


അഞ്ചു കോടി രൂപ മുതൽമുടക്കി അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.  1999- 2000 കാലഘട്ടത്തിൽ മുൻമുഖ്യമന്ത്രി ഇ കെ നായനാർ ആണ് കിടങ്ങൂർ എൻജിനീയറിംഗ് കോളേജ് ഉദ്ഘാടനം ചെയ്തത്. അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ സജീവ പരിശ്രമത്തെ തുടർന്ന് മുൻ സഹകരണമന്ത്രി എസ്. ശർമയുടെയും അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി ജെ ജോസഫിൻ്റെയും ആത്മാർത്ഥമായ പരിശ്രമത്തെ തുടർന്ന് കിടങ്ങൂരിൽ എൻജിനീയറിങ് കോളേജ് അനുവദിച്ചു. 

 


കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് 25 ഏക്കർ സ്ഥലം വാങ്ങി നൽകിയതിലൂടെ കോളേജിന് സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കഴിഞ്ഞു. റാങ്ക് ജേതാക്കളുൾപ്പെടെ നിരവധി പ്രതിഭകളെ കോളേജ് ഇതിനകം സംഭാവന ചെയ്തിട്ടുണ്ട്. ഐ എസ് ഒ അംഗീകാരത്തോടെയും നാഷണൽ ബോർഡിൻ്റെ അക്രഡിറ്റേഷനോടും കൂടി ഉയർന്ന നിലവാരമാണ് കോളേജ് പുലർത്തുന്നത്.


 

ഹോസ്റ്റൽ ഉദ്ഘാടനവുമായി അനുബന്ധിച്ച് കിടങ്ങൂർ എൻജിനീയറിങ് കോളേജിൽ  നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഭദ്രദീപം കൊളുത്തി. തുടർന്ന് കോളേജ് ഹോസ്റ്റലിലെ ശിലാഫലകം അനാച്ഛാദനവും എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി ജോമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജി വിശ്വനാഥൻ, ലിസി എബ്രഹാം, കെ എസ് ജയൻ ,വിശ്വനാഥൻ നായർ , പ്രൊഫ. സുനീഷ് കുര്യൻ  തുടങ്ങിയവർ സംബന്ധിച്ചു.