ആനവണ്ടി ഇനി ചുമടെടുക്കും. കേരള ലോജിസ്റ്റിക്‌സ് പുതിയ പദ്ധതി

 


കെഎസ്ആര്‍ടിസിയെ കൈ പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍. ഫുഡ് വാഗണ്‍ പദ്ധതിയ്ക്ക് പിന്നാലെ കേരള ലോജിസ്റ്റിക്‌സ് എന്ന പേരില്‍ പാഴ്‌സല്‍ സര്‍വീസ് സംവിധാനം ഉടനാരംഭിക്കും. പ്രവര്‍ത്തനയോഗ്യമല്ലാത്ത ബസുകള്‍ പുനരുപയോഗിക്കുന്ന ഫുഡ് വാഗണ്‍ പദ്ധതിയുടെ  തുടര്‍ച്ചയായാണ് 'KSRTC LOGISTICS' ആരംഭം കുറിക്കുന്നത്.  ഡീസല്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് വില വര്‍ധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് 'KSRTC LOGISTICS' എന്ന പേരില്‍ പാഴ്‌സല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ടാണ് ആദ്യത്തെ സര്‍വീസ്. 


കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്‌സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, വിവിധ യൂണിവേഴ്‌സിറ്റികള്‍, പരീക്ഷാഭവന്‍ എന്നിവരുടെ ചോദ്യ പേപ്പര്‍, ഉത്തരക്കടലാസ് തുടങ്ങിയവയും GPS അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് 'KSRTC LOGISTICS' സംവിധാനം വിപുലീകരിക്കും.