കിടങ്ങൂർ എല്‍.പി.ബി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു


 കേരളത്തിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ സർക്കാർ വിദ്യാലയങ്ങളുടെ  അടിസ്ഥാന സൗകര്യം വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് സംസ്ഥാനസർക്കാർ കിഫ് ബി,പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ വികസന പദ്ധതിക്ക് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഭാഗമായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ ചെലവഴിച്ചു നിർമാണം പൂർത്തീകരിച്ച കിടങ്ങൂർ എൽപി സ്കൂളിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ .സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് വകുപ്പ് മന്ത്രി തോമസ് ഐസക്, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ,ജീവൻ ബാബു ഐ എ എസ്, എ.ഷാജഹാൻ ഐ എ എസ് എന്നിവർ  സംബന്ധിച്ചു.ഇതോടനുബന്ധിച്ച് കിടങ്ങൂർ സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗം അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി ജോമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മത്തച്ചൻ താമരശ്ശേരി, പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ കോഡിനേറ്റർ കെ ജെ പ്രസാദ്, ഹെഡ്മിസ്ട്രസ് ലീലാമ്മ ജോസഫ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മാത്യു കീക്കോലിൽ, ജ്യോതി ബാലകൃഷ്ണൻ പഞ്ചായത്തംഗങ്ങളായ ബിന്ദു രമേശ് , കെഎസ് ജയൻ , ലിസി എബ്രഹാം, സാം ബാങ്ക് പ്രസിഡൻറ് ജി വിശ്വനാഥൻ നായർ , ഏറ്റുമാനൂർ എ ഇ ഒ ശ്രീജ പി ഗോപാൽ ,സാംപി എബ്രഹാം ,കെ എം രാധാകൃഷ്ണൻ, സുരേഷ് ബാബു നെച്ചിക്കാട്ട് എന്നിവർ സംബന്ധിച്ചു. ഗവൺമെൻറ് നിർദ്ദേശപ്രകാരം അഡ.മോൻസ് ജോസഫ് എംഎൽഎ പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. കെട്ടിടനിർമ്മാണം നിർവഹിച്ച റോയ് മോൻ സെബാസ്റ്റിന് എംഎൽഎ ഉപഹാരം നൽകി. രണ്ട് നിലകളിലായി അഞ്ഞൂറ് ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിൽ  പ്രീപ്രൈമറി വിഭാഗം, ക്ലാസ് മുറികൾ ,ഓ ഫീസ് റൂം, സ്റ്റാഫ് റൂം ലൈബ്രറി ആക്ടിവിറ്റി റൂംഎന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നൂറുവർഷം പഴക്കമുള്ള തും അപകടസ്ഥിതിയിലായിരുന്നതുമായ  പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം മോൻസ് ജോസഫ് എംഎൽഎ വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി യതിനെ തുടർന്നാണ് നിർമ്മാണം ആരംഭിച്ചത്. ഇതിനെ തുടർന്ന് ഒരു കോടി രൂപ ഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. രാജഭരണകാലത്ത് പ്രവർത്തനമാരംഭിച്ച കിടങ്ങൂർ എൽ പി സ്കൂൾ 180 വർഷം പൂർത്തീകരിക്കുന്ന അഭിമാനകരമായ കാലത്തിൻ്റെ  സമ്മാനമാണ് പുതിയ കെട്ടിടസമുച്ചയമെന്ന് എംഎൽഎ അറിയിച്ചു.