ജോസ് വിഭാഗത്തെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നുവെന്ന് പാലാ എം എൽ എ മാണി സി കാപ്പൻ

 


 ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ ഉപാധികളില്ലാതെ വരുന്ന കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നുവെന്ന് പാലാ എം എൽ എ മാണി സി കാപ്പൻ.  ഇടതു മുന്നണിയിൽ ജോസ് വിഭാഗം വരുന്നത് സംബന്ധിച്ചു ചർച്ചകളൊന്നും നടന്നിട്ടില്ല. ഇടതുമുന്നണി കൺവീനർ എ വിജയരാഘവനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഉപാധികളില്ലാതെയാണ് ഇടതുപക്ഷ നയം സ്വീകരിക്കുന്നതെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്‌.പാലാ സീറ്റ് സംബന്ധിച്ചു പ്രചരിക്കുന്ന കാര്യങ്ങൾ ഭാവനാസൃഷ്ടി മാത്രമാണ്. അതിന് മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല.എൻസിപി ഇടതുചേരിയോടൊപ്പം ഉറച്ചു നിൽക്കുന്ന പാർട്ടിയാണ്. ആദ്യം കോൺഗ്രസ് എസും പിന്നീട് എൻ സി പി യുമായപ്പോഴുമെല്ലാം ഉള്ള നിലപാട് ഇടതുപക്ഷത്തിനൊപ്പമാണ്. പാലായിലെ വിജയം ഇടതു പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിൻ്റെ ഫലമായി ജനം നൽകിയതാണ്. എൻ സി പി  ഇടതു മുന്നണിയോടൊപ്പം ഉറച്ചു നിൽക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മറിച്ചുള്ള പ്രചാരണ അടിസ്ഥാന രഹിതമാണെന്നും കാപ്പൻ വ്യക്തമാക്കി.പാർട്ടിയുടെ കാര്യങ്ങൾ വ്യക്തമാക്കുന്നത് അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ്. പാർട്ടി നിലപാട് തന്നെയാണ് തൻ്റെയും നിലപാട്. ഇടതുപക്ഷ മതേതര സഖ്യം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മാണി സി കാപ്പൻ പറഞ്ഞു.