കടപ്ലാമറ്റം ഗവ: ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി അപ്ഗ്രേഡ് ചെയ്യുന്നു.

 

 കുറവിലങ്ങാട്: കടപ്ലാമറ്റം ഗവ: ആശുപത്രി കുടുംബാരോഗ്യ ചികിത്സാ കേന്ദ്രമായി അപ്ഗ്രേഡ് ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഒക്ടോ: 6, ചൊവ്വ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കുന്നതാണ്.


    ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ സംസ്ഥാന തലത്തിലുള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.


    ഇതോടനുബന്ധിച്ച് കടപ്ലാമറ്റത്ത് ആശുപത്രി അങ്കണത്തിൽ ചേരുന്ന യോഗത്തിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ ശിലാഫലകം അനാവരണം ചെയ്ത് കൊണ്ട് ആമുഖ പ്രസംഗം നടത്തുന്നതാണ്. എം.പിമാരായ ജോസ്.കെ.മാണി, തോമസ് ചാഴിക്കാടൻ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തുന്ന ചടങ്ങിൽ വിവിധ ജന പ്രതിനിധികൾ പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിട്ടുള്ളത്.

 


    കേരള സർക്കാർ ആവിഷ്കരിച്ച നവ കേരള മിഷന്റെ ഭാഗമായ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടപ്ലാമറ്റം ഗവ: ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാഹചര്യമുണ്ടായത്. അഡ്വ: മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കടപ്ലാമറ്റം ഗവ: ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്. ഇതിലൂടെ മെച്ചപ്പെട്ട നിലവാരത്തിലുള്ള ചികിത്സാ സൗകര്യവും, സൗജന്യ ആരോഗ്യ പരിരക്ഷയും ജനങ്ങൾക്ക് ലഭ്യമാകുന്ന രോഗി സൗഹൃദ ആശുപത്രിയായി കടപ്ലാമറ്റം മാറുകയാണ്. ആവശ്യമായ കെട്ടിട സൗകര്യവും, അടിസ്ഥാന സൗകര്യവും ഏർപ്പെടുത്തിക്കൊണ്ട് പ്രവർത്തന സജ്ജമായ കുടുംബാരോഗ്യ കേന്ദ്രമാണ് കടപ്ലാമറ്റത്ത് യാഥാർഥ്യമായിരിക്കുന്നത്.

.    കോവിഡ് മാനദണ്ഡം കണക്കിലെടുത്ത് ഉദ്ഘാടന പരിപാടിയിൽ വരുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ശോഭശ്രീ എം.എസ് എന്നിവർ അഭ്യർത്ഥിച്ചു.    കേരള സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതിയിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ഗവ: ആശുപത്രികൾ ഉൾപ്പെടുത്തി വിവിധങ്ങളായ വികസന പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യവും ഏർപ്പെടുത്തിയതിലൂടെ കടുത്തുരുത്തി അസംബ്ലി മണ്ഡലം ആധുനിക ചികിത്സാ രംഗത്ത് ഗ്രാമ തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നതായി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.