ജോസഫിനും മോന്‍സിനുമെതിരെ കാരണംകാണിക്കല്‍ നോട്ടീസ്


പി.ജെ. ജോസഫ്, മോന്‍സ് ജോസഫ് എന്നിവര്‍ക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിപ്പ് ലംഘിച്ചുവെന്ന് കാട്ടി റോഷി അഗസ്റ്റിന്‍ നല്‍കിയ പരാതിയിലാണ് നടപടി.


വിപ്പ് മോന്‍സ് ജോസഫാണെന്ന് കാട്ടി റോഷി അഗസ്റ്റിനും ജയരാജിനും എതിരായ പരാതിയും ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അതിലും നിയമ പ്രകാര പരിശോധന നടക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു..


നിയമസഭാ രേഖയില്‍ വിപ്പ് റോഷി അഗസ്റ്റിനാണ്. എന്നിരുന്നാലും ഇരുവിഭാഗത്തിന്റെ വിശദീകരണവും കേള്‍ക്കും. നിയമത്തിന്റെ എല്ലാ വശവും പരിശോധിച്ച ശേഷം നടപടി എടുക്കും.


ജോസഫിനും മോന്‍സിനുമെതിരെ നടപടിയെടുത്താല്‍ രാഷ്ട്രീയ വിവാദം വരുമെങ്കിലും തീരുമാനമെടുക്കാതിരിക്കാന്‍ കഴിയില്ല. ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്നും എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.