ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും; ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ 15 വരെ മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും 15 നും മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള-കർണാടക തീരങ്ങളിൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ബംഗാൾ ഉൾക്കടലിലെ തുടർ ന്യൂനമർദ്ദങ്ങൾ കാലവർഷം പിൻവാങ്ങുന്നതും, തുലാവർഷത്തിന്റെ വരവും വൈകിപ്പിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലേർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.