ചെങ്ങളം നെയ്യാട്ടുശേരിയിൽ കൊമ്പൻ ഇടഞ്ഞോടി. രാത്രിയിൽ കാണാതായി!

എട്ടുമണിക്കൂറായി നാടിനെ വിറപ്പിച്ച് കൊമ്പന്റെ അഴിഞ്ഞാട്ടം. തടിപിടിക്കാൻ എത്തിയ കൊടുങ്ങൂർ സ്വദേശിയുടെ സുന്ദർ സിംങ് എന്ന കൊമ്പനാണ് എളമ്പള്ളി  നെയ്യാട്ടുശേരിയ്ക്കു സമീപം ഇടഞ്ഞോടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടഞ്ഞോടിയ കൊമ്പനെ ഇതുവരെയും തളയ്ക്കാനായിട്ടില്ല. ഇത് കൂടാതെ, ആന രണ്ട് പോസ്റ്റ് കുത്തിമറിച്ചതോടെ പ്രദേശമാകെ ഇരുട്ടിലായി. രാത്രിയുടെ ഇരുട്ടിൽ പ്രദേശത്തെ തോട്ടത്തിലേയ്ക്കു ഓടിക്കയറിയ കൊമ്പനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

തിങ്കളാഴ്ച രാവിലെയാണ് ആനയെ ഇളമ്പള്ളിയ്ക്കു സമീപം ഏനാട്ടുശേരിയിൽ തടിപിടിക്കുന്നതിനായി കൊണ്ടു വന്നത്. തടിപിടിച്ചതിനു ശേഷം ആനയെ സമീപത്തെ തോട്ടിൽ കുളിക്കാൻ ഇറക്കി. തോട്ടിൽ കുളിയ്ക്കുന്നതിനിടെ കുറുമ്പ് കാട്ടിയ ആന ഇവിടെ നിന്നും കയറാൻ തയ്യാറായില്ല. തുടർന്നു, കൊമ്പനെ പിടികൂടാനും നിലയ്ക്കു നിർത്താനും പാപ്പാന്മാർ ശ്രമിച്ചു. എന്നാൽ, തയ്യാറാകാതിരുന്ന ആന തോടിന്റെ അക്കരയിലേയ്ക്കു കയറുകയായിരുന്നു

തുടർന്നു, ആനയെ തളയ്ക്കുന്നതിനായി ഉടമ കൊടുങ്ങൂർ രാജേന്ദ്രന്റെ നേതൃത്വത്തിൽ ആളുകൾ എത്തി. ഈ സമയം ഇടഞ്ഞോടിയ കൊമ്പൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർത്തു. ഓട്ടോറിക്ഷ കൊമ്പിൽ കോർത്ത് നിലത്തടിച്ച ആന, കൂടുതൽ വൈലന്റായി മാറി. ഓടുന്നതിനിടെ രണ്ടിടത്തും വൈദ്യുതി പോസ്റ്റുകളും കൊമ്പൻ കുത്തി മറിച്ചു. തുടർന്നു, ആനയെ തളയ്ക്കുന്നതിനായി വൈകിട്ട് നാലു മണിയോടെ കോട്ടയത്തു നിന്നും മയക്കുവെടി വിദഗ്ധനായ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തി
നേരം ഇരുട്ടിയതോടെ ആന ഓടിയ വഴി പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നു, നാട്ടുകാരും ആന ഉടമയും പള്ളിക്കത്തോട്, പൊൻകുന്നം പൊലീസും ചേർന്നു സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.