തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും പാലിക്കേണ്ട കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി 5 പേര്‍ മാത്രം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേണം സ്ഥാനാര്‍ത്ഥികളും മറ്റും ഭവനസന്ദര്‍ശനം നടത്തേണ്ടത്. 

റോഡ് ഷോ/ വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങള്‍. ജാഥ, ആള്‍ക്കൂട്ടം,കൊട്ടിക്കലാശം എന്നിവ കോവിഡ് 19 പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്/ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം.

ഒരു പോളിംഗ് സ്റ്റേഷനില്‍ 4 പോളിംഗ് ഉദ്യോഗസ്ഥരും, 1 അറ്റന്ററും 1 പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാര്‍ 10-ല്‍ കൂടാന്‍ പാടില്ല. വോട്ടര്‍മാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. 

തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം. വോട്ടര്‍മാര്‍ രജിസ്റ്ററില്‍ ഒപ്പ്,വിരലടയാളം പതിക്കണം.